ഇരുചക്ര വാഹനങ്ങളിൽ പട്രോളിംഗ്
കൊല്ലം: നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഇനി മുതൽ ഇരുചക്ര വാഹനങ്ങളിൽ വനിതാ പൊലീസും പട്രോളിംഗിന്. ആറ് സ്‌കൂട്ടറുകളും ഒരു ബുള്ളറ്റുമാണ് പട്രോളിംഗിനായി വനിതാ പൊലീസ് ഉപയോഗിക്കുന്നത്. രണ്ട് വനിതാ ഉദ്യോഗസ്ഥരായിരിക്കും ഒരു വാഹനത്തിലുണ്ടാകുക.
കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്ക് പിഴയീടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലെ രജിസ്റ്ററുകൾ പരിശോധിക്കുകയും കൊവിഡ് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്നുള്ള പരിശോധനയും ഇവർ നടത്തും. വാഹനങ്ങൾ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമുണ്ടായാൽ തൊട്ടടുത്തുള്ള പൊലീസ് വാഹനം ഓടിയെത്തും.
ഇന്നലെ രാവിലെ ചിന്നക്കടയിൽ സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ പട്രോളിംഗ് ഫ്‌ളാഗ് ഓഫ് ചെയ്തു. എ.സി.പി ടി.ബി. വിജയൻ, സിറ്റി പൊലീസ് എസ്.എച്ച്.ഒമാർ, എസ്.ഐമാർ തുടങ്ങിയവർ പങ്കെടുത്തു.