കരുനാഗപ്പള്ളി : നഗരസഭയുടെ നിർദ്ദേശാനുസരണം കോഴിക്കോട്, മുഴങ്ങോട്ടു വിളയിലെ ബഡ്സ് സ്കൂളിൽ ആർ.ടി.പി.സി.ആർ പരിശോധന കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. .കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവർത്തിച്ചിരുന്ന പരിശോധന കേന്ദ്രം നിറുത്തിവെച്ചതിനെ തുടർന്നാണ് ബഡ്സ് സ്കൂളിലേക്ക് പ്രവർത്തനം ക്രമീകരിച്ചത്.താലൂക്കാശുപത്രിയിൽ കൊവിഡ് രോഗികൾക്ക് വേണ്ടി ചികിത്സാ കേന്ദ്രമൊരുക്കിയതോടെ ഇവിടെ നടത്തിയിരുന്ന സ്രവ പരിശോധന കേന്ദ്രം നിറുത്തിവെച്ചത്.ഇതിനെതിരെ പരാതികൾ ഉയർന്നതിനെ തുടർന്നാണ് ബഡ്സ് സ്കൂളിൽ സ്രവ പരിശോധന പുനർ ക്രമീകരിച്ചത്.പരിശോധനക്കെത്തുന്നവർക്ക് യാത്രാ സൗകര്യം ലഭ്യമാകാതെ വന്നാൽ നഗരസഭ സൗജന്യമായി വാഹന സൗകര്യവും നൽകുമെന്ന് നഗരസഭാദ്ധ്യക്ഷൻ കോട്ടയിൽ രാജു പറഞ്ഞു. നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 80 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചതായും ചെയർമാൻ അറിയിച്ചു. . രോഗികളിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതിന് 100 പൾസ് ഒക്സിമീറ്റർ ഉൾപ്പടെ വാങ്ങുന്നതിന് 5 ലക്ഷം അനുവദിച്ചു. ഇതനുസരിച്ച് ഒരു വാർഡിലേക്ക് 3 ഒക്സിമീറ്ററുകൾ ഉടൻ ലഭ്യമാക്കും.