ശാസ്താംകോട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കുന്നത്തൂരിൽ മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. ഇടത് കോട്ടയായ കുന്നത്തൂർ അഞ്ചാം തവണയും കോവൂർ കുഞ്ഞുമോനിലൂടെ നിലനിറുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. ഇടത് സർക്കാരിന്റെ തുടർ ഭരണസാദ്ധ്യതയും മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ഇത്തവണയും കുഞ്ഞുമോനെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പും. ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ കുന്നത്തൂരിൽ അട്ടിമറി വിജയം നേടുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ ഉല്ലാസ് കോവൂർ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ സജീവമായിരുന്നത് വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടലുകൾ. ശബരിമല വിഷയവും മോദി തരംഗവും മണ്ഡലത്തിൽ നിന്നു തന്നെയുള്ള ബി.ജെ.പി.യുടെ സംസ്ഥാന സെക്രട്ടറിയുമായ രാജി പ്രസാദ് സ്ഥാനാർത്ഥിയായതിനാൽ എൻ.ഡി.എയും പ്രതീക്ഷയിലാണ്
ഒരുക്കങ്ങൾ പൂർത്തിയായി
ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി . കുന്നത്തൂർ നിയോജക മണ്ഡലത്തിൽ പത്ത് പഞ്ചായത്തുകളിലുമായി 311 ബൂത്തുകളാണുള്ളത്. കൊ വിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഹാളുകളിലായി 21 ടേബിളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് അഞ്ചു ടേബിളുകളുമാണ് ഒരുക്കിയിരിക്കുന്നത്.കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയ റിപ്പോർട്ട് സമർപ്പിക്കുന്ന കൗണ്ടിംഗ് സ്റ്റാഫിനും കൗണ്ടിംഗ് ഏജന്റുമാർ, മാദ്ധ്യമ പ്രവർത്തകർക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്ന് കൊവിഡ് ആന്റിജൻ പരിശോധന നടത്തിയ റിപ്പോർട്ടുള്ളവരെയും കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു