pho
ചെങ്കോട്ട-തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിൽ തെന്മല ഡാം റോഡിലെ രണ്ടാം വളവിൽ കൊക്കയിൽ മറിഞ്ഞ ഗ്ലാസ് കയറ്റിയെത്തിയ ലോറിയുടെ തകർന്ന ഭാഗങ്ങൾ ഫയർഫോഴ്സ് പരിശോധിക്കുന്നു

 ക്യാബിനിൽ കുടുങ്ങിക്കിടന്നത് ഏഴ് മണിക്കൂർ

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഗ്ലാസ് കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ അതിദാരുണമായി മരിച്ചു. തമിഴ്നാട് തൃച്ചി സ്വദേശി രമേശാണ് (55) മരിച്ചത്.

ഇന്നലെ പുലർച്ചെ ഒന്നോടെ ചെങ്കോട്ട - തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിൽ തെന്മല ഡാം റോഡിലെ രണ്ടാം വളവിലായിരുന്നു അപകടം. സംഭവം അറിഞ്ഞെത്തിയ തെന്മല സി.ഐ റിച്ചാർഡ് വർഗീസ്, എസ്.ഐ ശാലു, പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് എന്നിവ‌ർ ഏഴ് മണിക്കൂർ നടത്തിയ പരിശ്രമത്തിലൂടെയാണ് ക്യാബിനിൽ കുടങ്ങിക്കിടന്ന മൃതദേഹം പുറത്തെടുത്തത്.

തെന്മല ഭാഗത്തുനിന്ന് ഡാം റോഡിലെ ഒന്നാംവളവ് കഴിഞ്ഞ് ഇറക്കം ഇറങ്ങിയ ലോറി നിയന്ത്രണം വിട്ട് രണ്ടാം വളവ് തിരിയാതെ അൻപതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ ലോറിയുടെ ചെയ്സിൽ നിന്ന് വേർപെട്ട ക്യാബിൻ കുഴിയിൽ പതിച്ചു. സമീപത്തെ മരത്തിൽ ഇടിച്ചുനിന്ന ചെയ്സ് ലോഡുമായി വൃക്ഷവും പിഴുത് ക്യാബിന് പുറത്തേക്ക് വീണു. പെട്ടികളിൽ സൂക്ഷിച്ചിരുന്ന ഗ്ലാസ് തകർന്ന് ചിതറിയതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായി. ചില്ലുകൾ മാറ്റി ക്രെയിൻ ഉപയോഗിച്ച് രാവിലെ എട്ടോടെ ലോറിയുടെ ചെയ്സ് ഉയർത്തിയ ശേഷമാണ് ക്യാബിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.

മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്നറിയാൻ പൊലീസ് ലോറി ഉടമയുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. ഡ്രൈവർ മാത്രമാണെന്ന വിവരം ലഭിച്ചതോടെ മൃതദേഹം പുനലൂർ ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തെന്മല പൊലീസ് കേസെടുത്തു.