atm

കൊല്ലം: നീണ്ടകര ജംഗ്ഷനിലെ ഫെഡറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ കവർച്ചാശ്രമം. ഇന്നലെ പുലർച്ചെ ഒന്നരയോടെ ഫെഡറൽ ബാങ്ക് ബ്രാഞ്ചിനോട് ചേർന്നുള്ള എ.ടി.എം കൗണ്ടറിലാണ് മൂന്നംഗം സംഘം കവർച്ചാശ്രമം നടത്തിയത്.

കറുത്ത തുണികൊണ്ട് മുഖം മറച്ചാണ് സംഘം കൗണ്ടറിനുള്ളിൽ പ്രവേശിച്ചത്. പത്ത് മിനിറ്റോളം എ.ടി.എം തകർക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ബാങ്കിന്റെ പ്രധാന ഓഫീസിൽ അലാറം മുഴങ്ങി. ഇതോടെ ചവറ പൊലീസ് സ്ഥലത്ത് പാഞ്ഞെത്തി. പൊലീസ് ജീപ്പ് വരുന്നത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ ഓടിരക്ഷപ്പെട്ടു.

മോഷണശ്രമത്തിനിടെ എ.ടി.എം യന്ത്രത്തിന് കേടുപാടുണ്ടായി. വിരലടയാള വിദഗ്ദ്ധരെത്തി തെളിവ് ശേഖരിച്ചു. പ്രദേശത്തെ യുവാക്കളാണ് സംഭത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.