എൻ.എസ്.എസ് സംഘടിപ്പിച്ച ജീവൻദ്യുതി പദ്ധതി പ്രകാരം യുവതി രക്തദാനം ചെയ്യുന്നു.
കരുനാഗപ്പള്ളി: ഹയർ സെക്കൻഡറി ജില്ല എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ജില്ലയിലെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിന് ജീവദ്യുതി പദ്ധതിക്ക് തുടക്കമായി. ഇന്നലെ കരുനാഗപ്പള്ളി മേഖലയിലെ വിവിധ യൂണിറ്റിൽ നിന്നും 15 പേർ രക്തദാനം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞാൽ 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം നൽകാൻ പാടുള്ളു. 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ തുടങ്ങുന്നതോടെ രക്തദാനത്തിന് എത്തുന്ന യുവതീ - യുവാക്കളുടെ എണ്ണം കുറയാൻ ഇടയുണ്ട്. ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി മറികടക്കാനാണ് വാക്സിനേഷന് മുൻപായി പരമാവധി രക്തദാതാക്കളെ ബ്ലഡ് ബാങ്കുകളിൽ എത്തിച്ച് ആവശ്യത്തിന് രക്തം ഉറപ്പാക്കാൻ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ദിവസവും എൻ.എസ്.എസ് യൂണിറ്റിന്റെ ചുമതലയിൽ ജില്ലാ ആശുപത്രിയിലും പുനലൂർ, കൊട്ടാരക്കര താലൂക്ക് ആശുപത്രികളിലും യുവാക്കളെ എത്ത്ച്ച് ബ്ലഡിന്റെ കരുതൽ ശേഖരം വർദ്ധിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം എം.നൗഷാദ് എം. എൽ. എ നിർവഹിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ മുഖ്യാതിഥിയായി. ദക്ഷിണമേഖലാ കോർഡിനേറ്റർ ബിനു, എൻ.എസ്.എസ് സന്ദേശം നൽകി. ജില്ലാ കൺവീനർ കെ .ജി. പ്രകാശ് നേതൃത്വം നൽകി.