a
കടയ്ക്കലിൽ ഇളമ്പഴന്നൂരിൽ വാഹന മോഷണ ശ്രമത്തിനിടെ പിടിയിലായ നന്ദു വി. നായരും മുഹമ്മദ് താരീഖ്

കടയ്ക്കൽ : രാത്രിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടയിൽ കുപ്രസിദ്ധ മോഷ്ടാവിന്റെ മകൻ ഉൾപ്പടെ രണ്ടു മോഷ്ടാക്കൾ പിടിയിൽ. കൊല്ലം ജവഹർ ജംഗ്ഷൻ സ്വാദേശി മുഹമ്മദ് താരീഖ്, കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്റെ മകൻ ചിറക്കര പാരിപള്ളി സ്വാദേശി നന്ദു വി. നായർ എന്നിവരാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.വെള്ളിയാഴ്ച വെളുപ്പിന് ഒന്നരയോടെ കടക്കൽ ഇളമ്പഴന്നൂർ മേലെ പുത്തൻവീട്ടിൽ സദ്ദാമിന്റെ വീട്ടിനുള്ളിൽ കാർ പോർച്ചിൽ കിടന്ന വാഹനങ്ങൾ കൃത്രിമ താക്കോൽ ഇട്ട് തുറക്കാൻ ശ്രമിക്കുന്നത് അയൽവാസിയായ യുവാവിന്റെ ശ്രദ്ധയിൽ പെടുകയും വീട്ടുകാരെയും നാട്ടുകാരെയും വിവരമറിയിച്ചതിനെത്തുടർന്ന് വീട്ടിനുള്ളിൽ വച്ചുതന്നെ മോഷ്ടാക്കളിൽ ഒരാളായ മുഹമ്മദ്‌ താരീഖിനെ പിടികൂടുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന നന്ദു ഓടി രക്ഷപ്പെടുകയായിരുന്നു. കടയ്ക്കൽ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി
മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രക്ഷപ്പെട്ട നന്ദുവിനെ ചടയമംഗലത്തെ ബന്ധുവീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർക്കുമെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണകേസുകളും പിടിച്ചുപറി കേസുകളും ക്രിമിനൽ കേസുകളും നിലവിലുണ്ട്. മോഷണക്കേസിൽ മാവേലിക്കര ജയിലിൽ കഴിയുകയായിരുന്ന മുഹമ്മദ് താരിഖിനെ കഴിഞ്ഞ ബുധനാഴ്ചയാണ് മോഷ്ടാവായ നന്ദു ജാമ്യത്തിലിറക്കിയത്. തുടർന്നാണ് രണ്ടുപേരും ചേർന്ന് മോഷണം നടത്താൻ തീരുമാനിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.