വി.എൻ.എസ്.എസ് കോളേജ് കൊവിഡ് സെന്റർ
കൊല്ലം: കൊവിഡ് സെന്ററാക്കാൻ ഏറ്റെടുത്ത കൊല്ലം വി.എൻ.എസ്.എസ് നഴ്സിംഗ് കോളേജിന് പകരം പുതിയ പരീക്ഷാ കേന്ദ്രം അനുവദിക്കാത്തതിനാൽ 61 വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ. നഴ്സിംഗ് കോളേജ് കൊവിഡ് സെന്ററാക്കിയതിനാൽ തൊട്ടടുത്തുള്ള ലാ കോളേജ് പരീക്ഷ കേന്ദ്രമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതർ നൽകിയ അപേക്ഷ ആരോഗ്യ സർവകലാശാല നിരസിച്ചതാണ് പ്രശ്നം. ഈ സാഹചര്യത്തിൽ കൊവിഡ് സെന്ററാക്കുന്നത് പരീക്ഷ തീരും വരെ നീട്ടിവയ്ക്കണമെന്ന കോളേജ് അധികൃതരുടെ ആവശ്യം അംഗീകരിക്കാൻ ജില്ലാ ഭരണകൂടവും തയ്യാറാകുന്നില്ല.
ഈമാസം അഞ്ച് മുതൽ 17 വരെയാണ് നാലാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷ. തൊട്ടടുത്ത കോളേജ് പരീക്ഷാ കേന്ദ്രമാക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് നഴ്സിംഗ് കോളേജ് കൊവിഡ് സെന്ററാക്കാൻ വിട്ടുനൽകിയത്. ഇക്കാര്യത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൊവിഡ് സെന്ററാക്കുന്നത് അല്പം നീട്ടണമെന്ന് കോളേജിന്റെ താക്കോൽ കൈമാറുമ്പോൾ തന്നെ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.
തൊട്ടടുത്ത ഏതെങ്കിലും നഴ്സിംഗ് കോളേജ് പരീക്ഷാ കേന്ദ്രമായി അനുവദിച്ച്
നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റ് ആരോഗ്യ മന്ത്രി, കളക്ടർ എന്നിവർക്ക് നിവേദനം നൽകി. സമീപ കോളേജുകളുടെ മാനേജ്മെന്റുകളുമായി വി.എൻ.എസ്.എസ് കോളേജ് അധികൃതർ ഇക്കാര്യം സംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്.
''
മഹാമാരിയെ പ്രതിരോധിക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് എസ്.എൻ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോളേജ് കൊവിഡ് സെന്ററാക്കാൻ വിട്ടുനൽകിയത്. അപ്പോൾ പരീക്ഷാ നടത്തിപ്പിന് അനുകൂലമായ നിലപാട് അധികൃതർ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചു. നിലവിലെ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.
ഡോ. ജി. ജയദേവൻ
എസ്.എൻ ട്രസ്റ്റ് ട്രഷറർ