phot
പുനലൂർ നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന മെഡിക്കൽ സ്റ്റോർ ഉടമകളുടെയും, സംഘടനകളുടെയും സംയുക്ത യോഗം.ചെയർപേഴ്സൺ നിമ്മി എബ്രഹാം വോദിയിൽ

പുനലൂർ: വീടുകളിൽ അസുഖം ബാധിച്ചോ, അല്ലാതെയോ പുറത്ത് ഇറങ്ങാൻ കഴിയാതെ വീടിനുള്ളിൽ കഴിയുന്നവർക്ക് ഓൺലൈനായി മരുന്നുകൾ ബുക്ക് ചെയ്താൽ നഗരസഭയിലെ ആരോഗ്യ പ്രവർത്തകർ വഴി മരുന്ന് വീട്ടിലെത്തിക്കാൻ തീരുമാനമായി. കൊവിഡ് വ്യാപനങ്ങളെ തുടർന്ന് പുനലൂർ നഗരസഭ ഭരണ സമിതിയും പട്ടണത്തിലെ മെഡിക്കൽ സ്റ്റോർ ഉടമകളും അവരുടെ സംഘടനാ പ്രതിനിധികളും തമ്മിൽ ഇന്നലെ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇത് കൂടാതെ മേയ്,ജൂൺ മാസങ്ങളിൽ പട്ടണത്തിലെ എല്ലാ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും 7ശതമാനം വിലക്കുറവിൽ മരുന്നുകൾ നൽകും. 10,000 സർജിക്കൽ മാസ്കുകൾ, 20ലിറ്റർ അണുനാശിനി തുടങ്ങിയവ സൗജന്യമായി നഗരസഭയ്ക്ക് നൽകും. സ്പർശം വയോമിത്രം പദ്ധതികൾക്ക് അടിയന്തര ഘട്ടത്തിൽ മരുന്നുകൾ സൗജന്യമായി നൽകാനും യോഗത്തിൽ തീരുമാനമായി. നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ചെയർപേഴ്സൺ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, വസന്ത രഞ്ചൻ, പി.എ.അനസ്, കെ.പുഷ്പലത, ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, നഗരസഭ സെക്രട്ടറി ബി.അനിൽകുമാർ എന്നിവർക്ക് പുറമെ ടൗണിലെ മെഡിക്കൽ സ്റ്റോർ ഉടമകൾ, സംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.