ചാത്തന്നൂർ: ദേശീയപാതയിൽ പാരിപ്പള്ളി ജംഗ്ഷനിൽ കോൺക്രീറ്റ് റെഡിമിക്സർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ലോറി ഡ്രൈവർ പാലോട് വൈരംകോട് കൊളിഞ്ഞിയിൽ വാഴോട്ടുകാല തടത്തരികത്ത് വീട്ടിൽ ശ്രീജിത്ത് (31), ക്ലീനർ വാഴോട്ടുകാല അനന്തുഭവനിൽ അനന്തു (20) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം തോന്നയ്ക്കലിൽ നിന്ന് കോൺക്രീറ്റ് മിക്സുമായി വന്ന വാഹനം നിയന്ത്രണംവിട്ട് പാരിപ്പള്ളിയിലെ പുതിയ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ദേശീയപാതയ്ക്ക് കുറുകെ മറിഞ്ഞ വാഹനം ക്രെയിനും ജെ.സി.ബിയും ഉപയോഗിച്ചാണ് പാതയുടെ വശത്തേയ്ക്ക് നീക്കിയത്.
ആറ്റിങ്ങലിലും പരവൂരും നിന്നെത്തിയ ഫയർ യൂണിറ്റുകൾ മണിക്കൂറുകളോളം പണിപ്പെട്ടാണ് റോഡിൽ നിന്ന് കോൺക്രീറ്റ് മിശ്രിതവും വാഹനത്തിൽ നിന്ന് ചോർന്ന ഡീസലും നീക്കം ചെയ്തത്. പാരിപ്പള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.