തൃശൂർ : മുൻ ഡി.ജി.പി ജേക്കബ്ബ് തോമസ്, സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയും മുൻ തൃശൂർ മേയറുമായ പ്രൊഫ. ആർ. ബിന്ദു എന്നിവർക്ക് പുറമേ മുൻ ചീഫ് വിപ്പും ഒരുകാലത്ത് കെ.എം. മാണിയുടെ വിശ്വസ്തനും ഇപ്പോൾ പി.ജെ. ജോസഫിന്റെ പക്ഷക്കാരനുമായ തോമസ് ഉണ്ണിയാടനും മത്സരിക്കുന്ന സംഗമേശ ഭൂമിയിൽ പോര് മുറുകുമ്പോൾ ഫലം പ്രവചനാതീതം.
സിറ്റിംഗ് എം.എൽ.എയ്ക്ക് പകരം പ്രൊഫ. ആർ. ബിന്ദു
പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ എൻ.ഡി.എയ്ക്ക് വേണ്ടി കളത്തിലുള്ള ജേക്കബ്ബ് തോമസും എൽ.ഡി.എഫിലെ ആർ.ബിന്ദുവും യു.ഡി.എഫിലെ തോമസ് ഉണ്ണിയാടനും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സിറ്റിംഗ് എം.എൽ.എയെ മാറ്റിയാണ് എ. വിജയരാഘവന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയത്. 2,711 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് അന്ന് ഉണ്ടായിരുന്നത്.
അഴിമതിക്കെതിരെ ജേക്കബ് തോമസ്
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത ജേക്കബ്ബ് തോമസിൽ എൻ.ഡി.എക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ച്ചകൾക്ക് മുമ്പ് തന്നെ മണ്ഡലത്തിൽ താമസിച്ച് പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ജേക്കബ്ബ് തോമസ്. ഇവിടെ 2011 ൽ ബി.ജെ.പിക്ക് ലഭിച്ചത് 6669 വോട്ട് മാത്രമായിരുന്നെങ്കിൽ 2016 ൽ എൻ.ഡി.എക്ക് വേണ്ടി സന്തോഷ് ചെറാകുളം നേടിയത് 30420 വോട്ടാണ്. ഇത് തന്നെയാണ് ജേക്കബ്ബ് തോമസിനെ ഇവിടെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചത്. ക്രൈസ്തവ വിഭാഗത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ്. നിഷ്പക്ഷമായ ക്രൈസ്തവ വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.
മണ്ഡലത്തിലെ സ്വാധീനത്തോടെ ഉണ്ണിയാടൻ
രണ്ട് തവണ ഇരിങ്ങാലക്കുടയെ പ്രതിനിധീകരിച്ച തോമസ് ഉണ്ണിയാടന് മണ്ഡലത്തിൽ ഏറെ സ്വാധീനമുണ്ട്. കഴിഞ്ഞ തവണയുണ്ടായ എൽ.ഡി.എഫ് തരംഗത്തിലും മൂവായിരത്തിൽ താഴെ വോട്ടിന് മാത്രമാണ് ഉണ്ണിയാടൻ ഇവിടെ പരാജയപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. അതേസമയം, പ്രൊഫ. ആർ. ബിന്ദു തന്റെ സ്വന്തം നാട്ടിലാണ് മത്സരിക്കുന്നതെന്ന സവിശേഷതയുമുണ്ട്. കൂടാതെ പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ അവരെ വിജയിപ്പിച്ചെടുക്കേണ്ട ഉത്തരവാദിത്തവും ഏറെയാണ്. എന്നാൽ, പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ അല്ല പാർട്ടിയുടെ സജീവ പ്രവർത്തക എന്ന നിലയിലാണ് തനിക്ക് സീറ്റ് ലഭിച്ചെതെന്ന് ബിന്ദു പറഞ്ഞു.
കേരളവർമ്മ കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജ്ജായി സ്ഥാനം വഹിക്കുന്നതിനിടെയാണ് ഇരിങ്ങാലക്കുടയിൽ മത്സരിക്കണമെന്ന നിർദ്ദേശം ലഭിച്ചത്. ഇതോടെ അദ്ധ്യാപന ജോലി രാജിവച്ചാണ് മത്സരിക്കാനെത്തിയത്. ഇരിങ്ങാലക്കുട നഗരസഭ, ആളൂർ, കാറളം, കാട്ടൂർ മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് ഇരിങ്ങാലക്കുട മണ്ഡലം .