election

തൃപ്രയാർ: ഗീതാ ഗോപി രണ്ട് തവണ വിജയിച്ച നാട്ടിക മണ്ഡലം ഇക്കുറി ചുവപ്പ് കോട്ടയായി നിലനിൽക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് മണ്ഡലത്തിൽ. യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂരും എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.സി മുകുന്ദനും, എൻ.ഡി.എയിലെ ലോജനൻ അമ്പാട്ടും മണ്ഡലമാകെ ഇളക്കി മറിക്കുകയാണ്.

കൂടാതെ ജനകീയ ജനാധിപത്യ മുന്നണിയുടെ ജിതേഷ്‌ കുമാറും, ബി.എസ്.പിയുടെ വിമൽ മല്ലിക വിജയനും, വൺ ഇന്ത്യാ വൺ പെൻഷൻ സ്ഥാനാർത്ഥിയായി ശിവരത്‌നൻ ആലത്തിയും മത്സര രംഗത്തുണ്ട്. 2011ൽ നാട്ടിക മണ്ഡലം രൂപീകരിച്ചത് മുതൽ രണ്ട് തവണയും വിജയം എൽ.ഡി.എഫിനായിരുന്നു. പഴയ നാട്ടികയിൽ എൽ.ഡി.എഫും, യുഡി.എഫും തുല്യശക്തികളായിരുന്നു. 2001ൽ കൃഷ്ണൻ കണിയാംപറമ്പിലിനെ പരാജയപ്പെടുത്തി ടി.എൻ പ്രതാപൻ നിയമസഭയിലെത്തി. മണ്ഡലം വിഭജനത്തോടെ പട്ടികജാതി സംവരണമായി. എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രവും.

പഴയ മണ്ഡലത്തിലെ നാട്ടിക, തളിക്കുളം, വലപ്പാട് എന്നിവ പുതിയ നാട്ടികയിൽ ഉൾപ്പെടുത്തി. ഇടത് ശക്തി കേന്ദ്രങ്ങളായ അന്തിക്കാട്, ചാഴൂർ, താന്ന്യം, പാറളം പഞ്ചായത്തുകൾ ഉൾപ്പെട്ടതോടെയാണ് നാട്ടിക ചുവന്നത്. 2011ൽ ഗീതാ ഗോപി 15,000 വോട്ടുകളുടെയും 2011ൽ 26,777 വോട്ടുകളുടെയും ഭൂരിപക്ഷത്തിൽ വിജയിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.എൻ ജയദേവന് 13,965 വോട്ടിന്റെ നിർണായക ലീഡ് നാട്ടിക നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടി.എൻ പ്രതാപൻ രണ്ടായിരത്തിലധികം വോട്ടിന് നാട്ടികയിൽ ലീഡ് ചെയ്തു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആറ് പഞ്ചായത്തുകളിലും എൽ.ഡി.എഫിനായിരുന്നു വിജയം. ചേർപ്പ് പഞ്ചായത്തിൽ യു.ഡി.എഫും, അവിണിശ്ശേരിയിൽ ബി.ജെ.പിയും മുൻതൂക്കം നേടി. അന്തിക്കാട്, തളിക്കുളം, ചേർപ്പ് ബ്ലോക്ക് പഞ്ചായത്തുകളും ഇടതിനൊപ്പമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും നാട്ടിക കൂടെ നിൽക്കുമെന്ന വിശ്വാസമാണ് എൽ.ഡി.എഫിന്. ഗീത ഗോപിയെ മാറ്റിയത് എൽ.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ടെന്ന സംസാരം മണ്ഡലത്തിൽ ഉണ്ടെന്നിരിക്കെ ഇത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
സി.പി.ഐയിലെ മൂന്ന് വനിത നേതാക്കളുടെ ഇടപെടലാണ് ഗീതാ ഗോപിയെ മാറ്റിയതെന്നാണ് ആരോപണം.

സി.പി.ഐയിലെ പ്രശ്‌നങ്ങൾ പറഞ്ഞ് തീർത്തെങ്കിലും മുന്നണിക്കുള്ളിലും വോട്ടർമാരിലും മുറുമുറുപ്പ് ശക്തമാണ്. യോഗങ്ങളിൽ ഗീതാ ഗോപിയെ പങ്കെടുപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമവും ഇടതുപക്ഷം പയറ്റുന്നുണ്ട്. ബി.ജെ.പി ശക്തമായ പ്രചാരണമാണ് മണ്ഡലത്തിലുടനീളം നടത്തുന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ കണക്കുകൂട്ടലുകൾ ഇക്കുറി അസ്ഥാനത്താവുമെന്നാണ് ബി.ജെ.പി പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 48,000 ഓളം വോട്ടുകൾ നേടിയത് അനുകൂലമാവുമെന്ന വിശ്വാസമാണ് ബി.ജെ.പിക്ക്. തദ്ദേശ തിരഞ്ഞെടുപ്പിൽ തീരദേശ പഞ്ചായത്തുകളിൽ വൻമുന്നേറ്റവും ബി.ജെ.പി കാഴ്ചവച്ചിരുന്നു. സംസ്ഥാനത്ത് ആർ.എം.പി യു.ഡി.എഫിനൊപ്പമാണെങ്കിലും തളിക്കുളത്തെ സി.പി.എം വിമതർക്ക് സ്ഥാനാർത്ഥിയുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.