തൃശൂർ : കേരള രാഷ്ട്രീയത്തിലേക്ക് പ്രമുഖരെ സംഭാവന നൽകിയ മണ്ഡലമായ മണലൂരിൽ മൂന്നു മുന്നണികളും പ്രചാരണ രംഗത്ത് ഒപ്പത്തിനൊപ്പം മുന്നേറുന്ന മണ്ഡലങ്ങളിൽ ഒന്നാണ് . മണലൂരിന്റെ മനം കവരാനുള്ള പോരാട്ടത്തിലാണ് മൂന്നു മുന്നണികളും . സിറ്റിങ് എം.എൽ.എ.യെ വീണ്ടുമിറക്കി എൽ.ഡി.എഫും യുവനേതാവിന് അവസരം നൽകി യു.ഡി.എഫും കഴിഞ്ഞ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് ബി.ജെ.പിക്ക് നേടികൊടുത്ത എ.എൻ.രാധകൃഷ്ണൻ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. മൂന്നാം തവണ മത്സരിക്കുന്ന മുരളി പെരുനെല്ലി കഴിഞ്ഞ തവണ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഇത്തവണ ഭൂരിപക്ഷം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. ഡി.സി.സി. ജനറൽ സെക്രട്ടറിയും ഐ.ടി. സെൽ കൺവീനറുമായ വിജയ് ഹരിയെയാണ് യു.ഡി.എഫ്. നിയോഗിച്ചിരിക്കുന്നത്. വിജയ് ഹരിയുടെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. ഇതോടെ മണ്ഡലത്തിൽ ഏറെ പൊട്ടിത്തെറികളാണ് ഉണ്ടയാത്. ഡി.സി.സി ജനറൽ സെക്രട്ടറി ഉൾപ്പടെ നിരവധി പേർ പാർട്ടി വിടുകയും ചെയ്തിരുന്നു. എന്നാൽ പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ തുടക്കത്തിലേ ക്ഷീണം മറികടക്കാൻ യു.ഡി.എഫിനാകുന്നുണ്ട്. 2011ലെ 10,543ൽ നിന്ന് 2016ൽ 37,680 വോട്ടിലേയ്ക്ക് ബി.ജെ.പിയെ എത്തിച്ച എ.എൻ. രാധാകൃഷ്ണൻ വീണ്ടും മത്സരിക്കുമ്പോൾ എൻ.ഡി.എ.യ്ക്കും ഏറെ പ്രതീക്ഷകളാണ് ഉള്ളത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെ മണ്ഡലത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാനും എ.എൻ.രാധകൃഷ്ണന് സാധിച്ചു.
1957ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ജോസഫ് മുണ്ടശ്ശേരിയെ വിജയിപ്പിച്ച് സംസ്ഥാനത്തെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയെ സമ്മാനിച്ച മണലൂർ പിന്നീടങ്ങോട്ട് വലതിന്റെ തട്ടകമായി മാറി. 1960ൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിലൂടെയാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്. 65ൽ ഐ.എം. വേലായുധനായിരുന്നു കോൺഗ്രസിന്റെ പോരാളി. 1980ൽ കോൺഗ്രസ് എ വിഭാഗം ഇടതുമായി ചേർന്ന് വി.എം. സുധീരനെ മത്സരിപ്പിപ്പോൾ മാത്രമാണ് വലതിന് കാലിടറിയത്. അതിന് മുൻപുള്ള മൂന്നു മത്സരങ്ങളിലും മണലൂരുകാർ നെഞ്ചേറ്റിയ എൻ.ഐ. ദേവസ്സിക്കുട്ടിയെയാണ് സുധീരൻ മുട്ടികുത്തിച്ചത്.
1982, 87, 91 വർഷങ്ങളിലും മണലൂരുകാർ സുധീരനിൽ തന്നെ വിശ്വാസമർപ്പിച്ചു. 1996ൽ റോസമ്മ ചാക്കോ, 2001ൽ എം.കെ. പോൾസൺ എന്നിവരും യു.ഡി.എഫിനായി മണ്ഡലം പിടിച്ചു. 2006ൽ 7720 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ മുരളി പെരുനെല്ലി കോൺഗ്രസ് തേരോട്ടം അവസാനിപ്പിച്ചു. 2011ൽ മുരളി പെരുനെല്ലിയ്ക്ക് പകരമിറങ്ങിയ ബേബിജോൺ 481 വോട്ടിന് പി.എ. മാധവനു മുന്നിൽ തോൽവി സമ്മതിച്ചു. 2016ൽ മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമായ 19,325 വോട്ടുകൾക്ക് മുരളി പെരുനെല്ലി വീണ്ടും മണലൂരിനെ ഇടത്തോട്ടെത്തിച്ചു.