തൃശൂർ: അപ്രതീക്ഷിതമായ വഴിത്തിരിവുകൾ, തിരിച്ചടികൾ, ഉരുത്തിരിഞ്ഞ് വന്ന അനുകൂല ഘടകങ്ങൾ... അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് മാറിമറിഞ്ഞിരിക്കുകയാണ് വോട്ടർമാരുടെ മനസ്. വിധിയെഴുതാൻ നാലുനാൾ ശേഷിക്കെ, പ്രചാരണത്തിൻ്റെ തുടക്കത്തിലുണ്ടായിരുന്ന നിലയല്ല ഇപ്പോഴെന്ന് വ്യക്തം. കാറ്റ് തങ്ങൾക്ക് അനുകൂലമാണെന്ന് മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ആശങ്കകളും സംശയങ്ങളും നേതാക്കളുടെ മുഖങ്ങളിൽ നിഴലിക്കുന്നുണ്ട്.
രണ്ട് മന്ത്രിമാരും സിറ്റിംഗ് എം.എൽ.എമാരും മത്സരരംഗത്ത് നിന്നും മാറിയതോ, സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ ഉയർന്ന കലാപക്കൊടികളോ, ഗുരുവായൂരിലെ സ്ഥാനാർത്ഥിയുടെ പത്രിക തളളിപ്പോയതോ ഒന്നും ഇടതിനേയും വലതിനേയും എൻ.ഡി.എയേയും ഉലച്ചിട്ടില്ലെന്ന് മൂന്ന് മുന്നണി നേതാക്കളും അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതെല്ലാം പ്രചാരണവേദികളിൽ വിഷയമായി, സംസ്ഥാനതല വിവാദങ്ങൾക്കൊപ്പം തന്നെ.
പതിമൂന്നു മണ്ഡലങ്ങളിലും ഫലം എളുപ്പം പ്രവചിക്കാനാവുമെന്ന് തോന്നുന്നില്ല. കാരണം, മുൻ തിരഞ്ഞെടുപ്പുകളേക്കാൾ കടുത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്. ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരങ്ങളായതോടെ ഒന്നും മുൻകൂട്ടി പറയാനാവില്ല. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനെക്കുറിച്ചും സ്ഥാനാർത്ഥികളെക്കുറിച്ചുമുളള പ്രതീക്ഷകളും അഭിപ്രായങ്ങളും നൽകുകയാണ് വ്യത്യസ്തമേഖലകളിൽ വ്യാപരിക്കുന്ന വോട്ടർമാർ:
'' തൃശൂരിൻ്റെ സമഗ്രമായ വികസനം ഇതേവരെ നടന്നിട്ടില്ല. നഗരം പുതുക്കിപ്പണിയാൻ കഴിയുന്ന വികസന ശിൽപ്പിയാകണം എം.എൽ.എ. ഐ.ടി പാർക്കും വിമാനത്താവളവുമെല്ലാം അനിവാര്യമാണിവിടെ. കലിക്കറ്റ് സർവകലാശാല വിഭജിച്ച് വളളുവനാട് സർവകലാശാല രൂപീകരിക്കാനാകണം. ''
പ്രൊഫ. കെ.ഐ. വർഗീസ് (റിട്ട. കോളേജ് അദ്ധ്യാപകൻ )
'' പണത്തിനും അധികാരത്തിനുമായുള്ള കുതന്ത്രങ്ങളും നേതാക്കളുടെ ധാർഷ്ട്യവും മതങ്ങളേയും ജാതികളേയും ഭിന്നിപ്പിച്ചുളള വോട്ടുപിടിത്തവുമെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ജനങ്ങളെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും താത്കാലികമായി ചെയ്തതുകൊണ്ട് കാര്യമില്ല. ദീർഘവീക്ഷണമില്ലാത്ത നേതാക്കളെ ജനം അകറ്റി നിറുത്തും. ഏതെല്ലാം പാർട്ടികൾ എന്തെല്ലാം ചെയ്യുന്നുവെന്ന് ജനങ്ങൾ മനസിലാക്കുന്നുണ്ട്. അവർ കൃത്യമായി വിധിയെഴുതും. ''
സതീഷ് കളത്തിൽ, സംവിധായകൻ.
'' നാലേമുക്കാൽ വർഷം ജനങ്ങളെല്ലാം രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും പിന്നാലെ സഹായിക്കണം എന്ന് പറഞ്ഞ് ഓടും. അതുകഴിഞ്ഞാൽ ബാക്കിയുള്ള സമയം അവർ സഹായിക്കണമെന്ന് പറഞ്ഞ് ജനങ്ങളുടെ പിന്നാലെ നടക്കും. അതാണ് നമ്മൾ കണ്ടുവരുന്നത്. കൂടുതൽ സമയം രാഷ്ട്രീയക്കാരുടെ പിന്നാലെ ഓടുന്നത് ജനങ്ങളാണ്. ജനങ്ങൾക്ക് പലർക്കും താരാരാധനയാണുള്ളത്. നാടിന് കൊള്ളാവുന്നവരെ ജനങ്ങൾ തിരഞ്ഞെടുത്തിരിക്കും. ''
ജോബി ചുവന്നമണ്ണ്, ഓട്ടോഡ്രൈവർ, ഹ്രസ്വചിത്ര സംവിധായകൻ