naddha

തൃശൂർ : കലാശക്കൊട്ടിന് രണ്ടു ദിവസം ശേഷിക്കെ പോരാട്ടം മുറുക്കി മുന്നേറുകയാണ് മൂന്നു മുന്നണികളും. സ്വീകരണ പരിപാടികളും പഞ്ചായത്ത്, നിയോജക മണ്ഡലം റാലികളും അവസാന ഘട്ടത്തിലാണ്. സ്വീകരണ പരിപാടികളിലും റാലികളിലും പരമാവധി ആളുകളെയെത്തിച്ച് ശക്തി പ്രകടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഞായറാഴ്ച്ച വൈകീട്ട് ആറോടെ ശബ്ദപ്രചാരണത്തിന് സമാപനം കുറിക്കുന്നതിന് മുമ്പ് തങ്ങൾക്ക് അനുകൂല തരംഗം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. പ്രചാരണ കാര്യത്തിൽ എല്ലാവരും ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. ഓരോ മണ്ഡലത്തിലും പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. ഓരോ പഞ്ചായത്തിലും മേഖലകൾ തിരിച്ച് ഓരോ സ്ഥാനാർത്ഥികൾക്കുമായി രണ്ടും മൂന്നും വാഹനങ്ങളാണ് അനൗൺസ്‌മെന്റുമായി തലങ്ങും വിലങ്ങും പായുന്നത്. സ്വീകരണ പരിപാടികൾക്ക് കൊഴുപ്പ് കൂട്ടാൻ ശിങ്കാരി മേളം, മേളം, പഞ്ചവാദ്യം, കാവടി എന്നിങ്ങനെയുള്ള ആഘോഷങ്ങൾക്കും കുറവില്ല.

പ്രിയങ്ക സൃഷ്ടിച്ച ഓളവുമായി യു.ഡി.എഫ്


എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ജില്ലയിൽ ഉണ്ടാക്കിയ ഓളം യു.ഡി.എഫിന് ഏറെ ആത്മവിശ്വാസം പകരുന്നു. ഇതിലൂടെ അപ്രതീക്ഷിതമായ നേട്ടം കൊയ്യാമെന്ന കണക്ക് കൂട്ടലിലാണ് നേതാക്കൾ. പകുതിയിലേറെ മണ്ഡലങ്ങളിലൂടെ പ്രിയങ്ക നടത്തിയ റോഡ് ഷോയിൽ എത്തിയ ജനക്കൂട്ടം കൂടുതൽ ആത്മവിശ്വാസം പകരുന്നു. വടക്കാഞ്ചേരിയിലും മറ്റും വലിയ ജനക്കൂട്ടമാണെത്തിയത്. ഇതോടൊപ്പം ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, താരിഖ് അൻവർ, സൽമാൻ ഖുർഷിദ് ഉൾപ്പെടെയുള്ളവരെയും രംഗത്തിറക്കി. അതേ സമയം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ അസാന്നിദ്ധ്യവുമുണ്ടായി.

എൽ.ഡി.എഫിലെ സ്റ്റാർ മുഖ്യമന്ത്രി

എൽ.ഡി.എഫിലെ പ്രചാരണ രംഗത്ത് നിറഞ്ഞുനിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി ജില്ലയിൽ പര്യടനം നടത്തി മടങ്ങി. ഇതിനു പിന്നാലെ സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി ഡി. രാജ, എ. വിജയരാഘവൻ, എൽ.ഡി.എഫ് നേതാക്കളായ കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, വൃന്ദാ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രൻ പിള്ള, കനയ്യകുമാർ തുടങ്ങിയവരെ ഇറക്കി പ്രചാരണം മുന്നോട്ട് കൊണ്ടുപോകാൻ എൽ.ഡി.എഫിനായി. ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ ഇരിങ്ങാലക്കുടയിൽ പാർട്ടി യോഗത്തിലും കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പങ്കെടുത്തു.

നിറഞ്ഞ് കേന്ദ്രമന്ത്രിമാർ

ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് അടക്കം ഭൂരിഭാഗം നേതാക്കളും സ്ഥാനാർത്ഥികളായതോടെ പ്രചാരണ രംഗത്ത് നിറഞ്ഞുനിന്നത് കേന്ദ്രമന്ത്രിമാരും കേന്ദ്ര നേതാക്കളുമായിരുന്നു. അഖിലേന്ത്യ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് പുറമേ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പ്രഹ്‌ളാദ് ജോഷി, പീയൂഷ് ഗോയൽ, നേതാക്കളായ കെ. സത്യകുമാർ, വക്താവ് ഗോപാലകൃഷ്ണ അഗർവാൾ എന്നിവരുമെത്തി. ഇന്നലെ പ്രഹ്‌ളാദ് ജോഷി വടക്കാഞ്ചേരിയിലെ റാലിയിൽ പങ്കെടുത്തു. ഇന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തിരുവില്വാമലയിലും ചേർപ്പിലും പ്രസംഗിക്കും. നാളെ കുന്നംകുളത്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും പങ്കെടുക്കുന്നുണ്ട്. മണലൂരിൽ റോഡ് ഷോയിലാണ് ജെ.പി നദ്ദ പങ്കെടുത്തത്. ഇപ്രാവശ്യം ജില്ലയിൽ മോദിയുടെയും അമിത് ഷായുടെയും സാന്നിദ്ധ്യമുണ്ടായില്ല.