elect

തൃശൂർ: കേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, വി.എം സുധീരൻ തുടങ്ങി പ്രഗത്ഭരെ നിയമസഭയിലെത്തിച്ച മണലൂരിന്റെ മനസ് ഇത്തവണ ഇടം നേടാൻ പോരാട്ടം കനപ്പിച്ച് മുന്നണികൾ.

കേരള രാഷ്ട്രീയത്തിലേക്ക് പ്രമുഖരെ സംഭാവന നൽകിയ മണ്ഡലമായ മണലൂരിൽ മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് ഒപ്പത്തിെനാപ്പമാണ്. സിറ്റിംഗ് മാറ്റി മറ്റൊരാളെ പരീക്ഷിക്കാതെ മുരളി പെരുന്നെല്ലിയെ വീണ്ടുമിറക്കി എൽ.ഡി.എഫ് മുന്നേറുമ്പോൾ യുവനേതാവിലൂടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതൽ മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായ സംസ്ഥാന നേതാവിനെ തന്നെ ഇറക്കിയ എൻ.ഡി.എയും അവസാന വട്ട പ്രചാരണത്തിലേക്ക് കടക്കുകയാണ്. മൂന്നാം തവണ മത്സരിക്കുന്ന മുരളി പെരുനെല്ലി കഴിഞ്ഞ തവണ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷം നേടിയിരുന്നു. ഇത്തവണ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.ടി സെൽ കൺവീനറുമായ വിജയ് ഹരിയെയാണ് യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്.

വിജയ് ഹരിയുടെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു. ഇതോടെ മണ്ഡലത്തിൽ ഏറെ പൊട്ടിത്തെറികളുണ്ടായി. ഡി.സി.സി ജനറൽ സെക്രട്ടറി ഉൾപ്പെടെ നിരവധി പേർ പാർട്ടി വിട്ടു. എന്നാൽ പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു.

2011ലെ 10,543ൽ നിന്ന് 2016ൽ 37,680 വോട്ടിലേയ്ക്ക് ബി.ജെ.പിയെ എത്തിച്ച എ.എൻ രാധാകൃഷ്ണൻ വീണ്ടും മത്സരിക്കുമ്പോൾ എൻ.ഡി.എയ്ക്കും ഏറെ പ്രതീക്ഷകളാണുള്ളത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയെ മണ്ഡലത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാനും എ.എൻ.രാധകൃഷ്ണന് സാധിച്ചു.


പ്രമുഖരെ സഭയിലെത്തിച്ച മണ്ഡലം


ആദ്യ തിരഞ്ഞെടുപ്പിൽ ജോസഫ് മുണ്ടശ്ശേരിയെയാണ് മണലൂർ വരിച്ചത്. 1960ൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിലൂടെയാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്. 65ൽ ഐ.എം. വേലായുധനായിരുന്നു കോൺഗ്രസിന്റെ പോരാളി. 1980ൽ കോൺഗ്രസ് എ വിഭാഗം ഇടതുമായി ചേർന്ന് വി.എം. സുധീരനെ മത്സരിപ്പിച്ചപ്പോൾ മാത്രമാണ് വലതിന് കാലിടറിയത്. എൻ.ഐ ദേവസിക്കുട്ടിയെയാണ് സുധീരൻ മുട്ടുകുത്തിച്ചത്. 82, 87, 91 വർഷങ്ങളിലും മണലൂരുകാർ സുധീരനിൽ തന്നെ വിശ്വാസമർപ്പിച്ചു. 1996ൽ റോസമ്മ ചാക്കോ, 2001ൽ എം.കെ. പോൾസൺ എന്നിവരും യു.ഡി.എഫിനായി മണ്ഡലം പിടിച്ചു. 2011ൽ മുരളി പെരുനെല്ലിയെ മാറ്റി ബേബിജോണിനെ മത്സരിപ്പിച്ചപ്പോൾ 481 വോട്ടിന് പി.എ മാധവന് മുന്നിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19,325 ഭൂരിപക്ഷത്തിൽ മുരളി പെരുനെല്ലി വീണ്ടും മണലൂരിനെ ഇടത്തോട്ടെത്തിച്ചു.