മാള: കഴിഞ്ഞ ഓണവും വിഷുവും ഓർമ്മിക്കാനൊന്നുമില്ലാതാക്കി. ഈ വിഷുവിനെങ്കിലും പപ്പടത്തിന്റെ കാര്യം വട്ടത്തിലാകാതിരുന്നാൽ മതിയായിരുന്നു. പപ്പട നിർമ്മാണ തൊഴിലാളികൾ പ്രതീക്ഷ കൈവിടുന്നേയില്ല. കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതും ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയുമാണ് പപ്പട വിപണിയും നിർമ്മാണവും വീണ്ടും സജീവമായത്.
ജില്ലയിലെ 70 ഓളം ചെറുകിട പപ്പട നിർമ്മാണ യൂണിറ്റുകളിൽ ചിലത് പൂർണമായും യന്ത്രത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
പപ്പടത്തിനുള്ള ഉഴുന്നുമാവ് കുഴച്ച് പാകപ്പെടുത്തുന്നടക്കമുള്ള പ്രവൃത്തികൾ യന്ത്രത്തിന്റെ വരവോടെ എളുപ്പമായി. ഇത് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനും സഹായിച്ചിട്ടുണ്ട്. ഇത്തരത്തിൽ പപ്പടം നിർമ്മിക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മാളയ്ക്കടുത്തുള്ള പൂപ്പത്തി ഗ്രാമം. പരമ്പരാഗതമായി പപ്പടം നിർമ്മിക്കുന്ന ഏഴ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. പലതും വീടുകളോട് ചേർന്നുള്ളതാണ്. കൊവിഡിന് മുമ്പ് ഓണം - വിഷു സീസണുകളിൽ ഈ യൂണിറ്റുകളിൽ നിന്നെല്ലാമായി 12 ക്വിന്റൽ പപ്പടമാണ് വിറ്റിരുന്നത്. ഓഫ് സീസണിൽ മാസം മൂന്ന് ക്വിന്റൽ വരെ വിറ്റിരുന്നു. കൊവിഡിന് ശേഷം ഓണം - വിഷു സീസണിലെ കച്ചവടം പാതിയായി കുറഞ്ഞു. ഓഫ് സീസണിലെ കച്ചവടം സാധാരണനിലയിലേക്കായി തുടങ്ങിയിട്ടുണ്ട്. അതിനാൽ പ്രതീക്ഷയിലാണ് പലരും വിഷുവിനുള്ള പപ്പടം നിർമ്മാണം തുടങ്ങിയത്. പ്രധാന ഇനമായ ഉഴുന്നുപൊടിക്ക് കിലോഗ്രാമിന് 115 രൂപയാണ്. എങ്കിലും കിലോയ്ക്ക് പപ്പടത്തിന് 140 മുതൽ 150 വരെയാണ് മൊത്ത വിപണി വില.
വളരെ പ്രതീക്ഷയിലാണ് വിഷുവിനുള്ള പപ്പടം നിർമ്മാണം തുടങ്ങിയിട്ടുള്ളത്. വിലയിൽ ഇതുവരെ മാറ്റമില്ല. വിവാഹം അടക്കമുള്ള ആഘോഷങ്ങൾ ചടങ്ങിലൊതുക്കിയപ്പോൾ ആകെ പ്രതിസന്ധിയിലായി. നിയന്ത്രണത്തിൽ ഇളവ് വന്നതാണ് ഏക ആശ്വാസം.
അപ്പുക്കുട്ടൻ
പൂപ്പത്തി
കൊട്ടിക്കലാശം അതിരുവിടരുതെന്ന് മുന്നറിയിപ്പ്
തൃശൂർ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നാളെ തീരാനിരിക്കെ ദേശീയ സംസ്ഥാന നേതാക്കൾ ഇന്ന് കൂടൊഴിയും. നാമ നിർദ്ദേശ പത്രിക സമപ്പണത്തിന് മുമ്പ് തന്നെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രമുഖ നേതാക്കളുടെ പര്യടനം ആരംഭിച്ചിരുന്നു. ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കൂടി കുന്നംകുളത്ത് വന്നു പോകുന്നതോടെ നേതാക്കളുടെ പ്രചാരണത്തിന് പരിസമാപ്തിയാകും.
ഇന്നലെ എൻ.ഡി.എയ്ക്കായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നാട്ടിക, ചേലക്കര മണ്ഡലങ്ങളിൽ റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുത്തിരുന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ, യു.ഡി.എഫ് നാട്ടിക മണ്ഡലം സ്ഥാനാർത്ഥി സുനിൽ ലാലൂരിനായും പ്രചാരണത്തിനെത്തി. ഇതിനോടകം മുഖ്യമന്ത്രി പിണറായി വിജയൻ, ജെ.പി നദ്ദ, പ്രിയങ്ക ഗാന്ധി , ഡി. രാജ, കേന്ദ്രമന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ മൂന്ന് മുന്നണികളുടെയും പ്രചാരണത്തിനെത്തിയിരുന്നു.
നിയന്ത്രണ രേഖ ലംഘിക്കരുതെന്ന് മുന്നറിയിപ്പ്
നാളെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടക്കാനിരിക്കെ സംഘർഷം ഉണ്ടാകാതിരിക്കാൻ മുൻകരുതലുമായി പൊലീസും രംഗത്ത്. ഓരോ മണ്ഡലങ്ങളിലും മുന്നണികൾക്ക് ഓരോ സ്ഥലങ്ങൾ കലാശക്കൊട്ടിന് അനുവദിച്ചിട്ടുണ്ട്. ഇത് മറികടക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പുമുണ്ട്. ഒരേ സ്ഥലത്ത് മൂന്നു കൂട്ടരും ഒരുമിച്ച് വരരുതെന്നും നിർദ്ദേശമുണ്ട്. അതേ സമയം പരമാവധി പേരെ പങ്കെടുപ്പിച്ച് കൊട്ടിക്കലാശം നടത്താനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. വാദ്യമേളങ്ങൾ, കാവടി, തുറന്ന ജീപ്പിൽ സ്ഥാനാർത്ഥിയുടെ പര്യടനം എന്നിവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.