കൊടുങ്ങല്ലൂർ: എറിയാട് യുബസാർ മേഖലയിൽ ആൾതാമസമില്ലാത്ത മൂന്ന് വീടുകൾ കുത്തിത്തുറന്ന് മോഷണം. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. പുന്നിലത്ത് പരേതനായ അസീസിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപ കവർന്നു.
ഈ കുടുംബം കഴിഞ്ഞ മൂന്ന് മാസമായി ഗൾഫിലാണ്. ദിവസവും രാവിലെ ലൈറ്റ് ഓഫ് ചെയ്യാൻ വരുന്ന ബന്ധുവാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.
തൊട്ടടുത്ത കഴിവിൻതാഴത്ത് യൂസഫിന്റ വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരിമാറ്റിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ പൊളിച്ചാണ് വീടിനുള്ളിൽ കയറിയത്. വീടിന്റെ അകത്തെ സാധാനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് കരുതുന്നത്. പരേതനായ കഴിവിൻ താഴത്ത് അബ്ദുൾ മജീദിന്റെ വീടിന്റ മുകൾ നിലയിലെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.