ചാലക്കുടി: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്ഥാനാർത്ഥികൾ സ്ഥാപനങ്ങളിലും കടകളിലും കയറിയിറങ്ങി വോട്ട് തേടുന്ന പ്രവർത്തങ്ങളിൽ സജീവമായി. ഓട്ടപ്പാച്ചലിന് ഇടയിൽ തങ്ങളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ കേരളകൗമുദിയുമായി അവർ പങ്കുവച്ചു.

വാഹന റാലിയിൽ തിളങ്ങി ഡെന്നീസ് കെ. ആന്റണി

രണ്ടാം റൗണ്ട് പര്യടനം പൂർത്തിയാക്കിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡെന്നീസ് കെ. ആന്റണി മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന ഇരുചക്ര വാഹന റാലിയിൽ പങ്കെടുത്തു. ഇതോടൊപ്പം വ്യക്തികളേയും കണ്ട് വോട്ട് ഉറപ്പുവരുത്തി. പരിയാരം, കോടശേരി, മേലൂർ, കൊരട്ടി, കാടുകുറ്റി എന്നീ പഞ്ചായത്തുകളിലായിരുന്നു ബൈക്ക് റാലികൾ നടന്നത്. എല്ലാ റാലികളിലും തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയും ഒപ്പമുണ്ടായി. ബി.ഡി. ദേവസി എം.എൽ.എ ഒന്നര പതിറ്റാണ്ടായി നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കായി മത്സരിക്കുന്ന തന്റെ വിജയം സുനിശ്ചിതമാണെന്ന് ഡെന്നീസ് കെ.ആന്റണി പറഞ്ഞു. വലിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


..........................

തികഞ്ഞ പ്രതീക്ഷയിൽ സനീഷ്‌കുമാർ

യു.ഡി.എഫ് സ്ഥാനാർത്ഥി സനീഷ്‌കുമാർ ജോസഫ് വ്യാഴാഴ്ച ചാലക്കുടി നഗരസഭ പരിധിയിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നഗരത്തിലെ എല്ലാ ഭാഗങ്ങളിലും പ്രവർത്തകരോടൊപ്പം നടന്നു നീങ്ങിയ സ്ഥാനാർത്ഥി ഓരോ വ്യക്തികളേയും കണ്ട് വോട്ടു തേടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രചാരണം തീരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ തികഞ്ഞ പ്രതീക്ഷയിലാണെന്ന് സനീഷ്‌കുമാർ ജോസഫ് പറഞ്ഞു. ഇതുവരേയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ ഇക്കുറി യു.ഡി.എഫിന് അനുകൂല അന്തരീക്ഷമാണെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

..........................

സ്വീകരണങ്ങൾ ഏറ്റുവാങ്ങി കെ.എ. ഉണ്ണിക്കൃഷ്ണൻ

കൊരട്ടി പഞ്ചായത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ സ്ഥാനാർത്ഥി പര്യടനം. ഇതോടൊപ്പം വോട്ടർമാരെ നേരിൽ കണ്ടും സഹായം തേടി. വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയും ചെറുപ്രസംഗം നടത്തിയും സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കി. ഇടതുവലതു മുന്നണികളെ പരാജയപ്പെടുത്തി ഇക്കുറി ദേശീയ ജനാധിപത്യ സംഖ്യം ചാലക്കുടിയിൽ വിജയം നേടുമെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മണ്ഡലത്തിൽ ഇക്കുറി തങ്ങളുടെ മുന്നണി അത്ഭുതം കാട്ടുമെന്നതിന്റെ തെളിവാണ് എല്ലാ കേന്ദ്രങ്ങളിലും പര്യടനത്തിന് ലഭിക്കുന്ന സ്വീകാര്യതയെന്നും അദ്ദേഹം പറയുന്നു.