കൊടുങ്ങല്ലൂർ: കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.ഫ് സർക്കാരിന്റെ തുടർ ഭരണം ഉറപ്പാണെന്ന് മുൻമന്ത്രി കെ.പി രാജേന്ദ്രൻ. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് സമഗ്ര വികസനമാണ് സർക്കാർ നടപ്പിലാക്കിയതെന്നും രണ്ടര ലക്ഷം വീടുകൾ നിർമ്മിച്ച് കൊടുത്ത് പാവപ്പെട്ടവരെ സഹായിക്കുന്ന നിലപാടുകളാണെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് കൊടുങ്ങല്ലൂർ - പുല്ലൂറ്റ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും പൊലീസ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻസിപ്പൽ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷനായി. എം. രാജേഷ്, സ്ഥാനാർത്ഥി വി.ആർ സുനിൽകുമാർ, കെ.വി വസന്തകുമാർ, ടി.കെ ഉണ്ണിക്കൃഷ്ണൻ, ജോസ് കുരിശിങ്കൽ, നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ, ക്ലിഫി കളപ്പറമ്പത്ത്, മുസ്താഖ് അലി, ടി.പി പ്രഭേഷ് എന്നിവർ സംസാരിച്ചു.