election

തൃശൂർ : തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് മറ്റന്നാൾ നടക്കാനിരിക്കെ നാടുനിറഞ്ഞ് പ്രചാരണവുമായി മുന്നണികൾ അരങ്ങ് തകർക്കുന്നു. പരമാവധി വോട്ടുകൾ പെട്ടിയിലാക്കാനുള്ള പതിനെട്ടടവും പയറ്റുകയാണ് സ്ഥാനാർത്ഥികളും മുന്നണികളും. സ്ഥാനാർത്ഥികൾ തന്റെ തങ്ങളുടെ വ്യക്തിഗത വോട്ട്കൾ സമാഹരിക്കുമ്പോൾ രാഷ്ട്രീയപരമായ സംഴാദത്തിലൂടെ മുന്നണികളും നിലഭദ്രമാക്കാനുള്ള ത്രീവ്രശ്രമത്തിലാണ്. കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രചാരണത്തിനിറക്കിയാണ് മുന്നണികൾ തങ്ങളുടെ ശക്തിതെളിയിച്ചത്. നാളത്തോടെ നേതാക്കളുടെ പൊതുയോഗങ്ങൾ അവസാനിക്കും. മറ്റന്നാളാണ് കൊട്ടിക്കലാശം. പ്രചാരണ കാര്യത്തിൽ എല്ലാവരും ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. ഓരോ മണ്ഡലത്തിലും പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. ഓരോ പഞ്ചായത്തിലും മേഖലകൾ തിരിച്ച് ഓരോ സ്ഥാനാർത്ഥികൾക്കുമായി രണ്ടും മൂന്നും വാഹനങ്ങളാണ് അനൗൺസ്‌മെന്റുമായി തലങ്ങും വിലങ്ങും പായുന്നത്. സ്വീകരണ പരിപാടികൾക്ക് കൊഴുപ്പ് കൂട്ടാൻ ശിങ്കാരി മേളം, മേളം, പഞ്ചവാദ്യം, കാവടി എന്നിങ്ങനെയുള്ള ആഘോഷങ്ങൾക്കും കുറവില്ല. ഇതിനൊടകം ജില്ലയിൽ പ്രമുഖ നീണ്ട നിരയാണ് എത്തിയത്. യു.ഡി.എഫിന് വേണ്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, താരിഖ് അൻവർ, സൽമാൻ ഖുർഷിദ് ഉൾപ്പെടെയുള്ളവരെയും രംഗത്തിറങ്ങിയിരുന്നു. എൽ.ഡി.എഫിൽമുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം അഖലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ അഖലേന്ത്യ സെക്രട്ടറി ഡി. രാജ, എ. വിജയരാഘവൻ, എൽ.ഡി.എഫ് നേതാക്കളായ കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, വൃന്ദാ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രൻ പിള്ള, കനയ്യകുമാർ തുടങ്ങിയവരെ ഇറക്കി പ്രചാരണം മുന്നോട്ട് പോയത്.
എൻ.ഡി.എ. അഖലേന്ത്യ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് പുറമേ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, പ്രഹ്‌ളാദ് ജോഷി, പീയൂഷ് ഗോയൽ, നേതാക്കളായ കെ. സത്യകുമാർ, വക്താവ് ഗോപാലകൃഷ്ണ അഗർവാൾ എന്നിവരുമെത്തി. ഇന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തിരുവില്വാമലയിലും ചേർപ്പിലും പ്രസംഗിക്കും. നാളെ കുന്നംകുളത്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും പങ്കെടുക്കുന്നുണ്ട്.

കൊട്ടിക്കലാശം അതിരുകടക്കരുതെന്ന് മുന്നറിയിപ്പ്

മറ്റന്നാൾ നടക്കുന്ന കലാശക്കൊട്ട് അതിരുകടക്കരുതെന്ന് കർശന നിർദ്ദേശം പൊലീസ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. പൊലീസ് നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ മാത്രമെ ഒരോ സ്ഥാനാർത്ഥികളും കലാശക്കൊട്ടിന് എത്താൻ പാടൂള്ളുവെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കൊട്ടികലാശത്തിലൂടെ തങ്ങൾക്ക് അനുകൂലതരംഗം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.