തൃശൂർ: ത്രികോണപ്പോരിൽ തരിച്ചു നിൽക്കുന്ന തൃശൂർ മണ്ഡലത്തിൽ ഇപ്പോൾ ഉയരുന്ന ചോദ്യം ഒന്നേയുള്ളൂ. "തൃശൂരിനെ ആര് ഇങ്ങ് എടുക്കും" . പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ ഇനി ഉത്തരം പറയുക വോട്ടർമാരാകും. നാളെ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് പ്രവേശിക്കുമ്പോൾ മത്സരച്ചൂട് എങ്ങുംകാണാം. ആരെ തള്ളണം, ആരെ കൊള്ളണം എന്ന മാനസികാവസ്ഥയിലാണ് വോട്ടർമാർ.
മൂന്നു മുന്നണികളും വിജയം അവകാശപ്പെടുന്ന സ്ഥിതിയാണ് മറ്റ് മണ്ഡലത്തിൽ. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ നേരിട്ടുള്ള മത്സരമാണ് നേരത്തെ നടന്നിരുന്നതെങ്കിൽ സുരേഷ് ഗോപി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെത്തിയതോടെയാണ് മണ്ഡലം ത്രികോണ മത്സരത്തിലേക്ക് നീങ്ങിയത്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. അന്ന് മൂന്നാം സ്ഥാനത്തേക്ക് പോയത് ഇടത് മുന്നണിയായിരുന്നു. ആ ക്ഷീണം തീർത്തുള്ള മറുപടിയാണ് ഇടത് മുന്നണിയുടെ ലക്ഷ്യം.
ഒരു പ്രവചനത്തിന് പോലും ഇട നൽകാത്ത വിധം പൊരിഞ്ഞപോരാണ് മണ്ഡലത്തിൽ. മന്ത്രി എന്ന നിലയിൽ വി.എസ് സുനിൽ കുമാറിന്റെ പ്രവർത്തനത്തിലൂടെ പിടിച്ചുകയറാനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി. ബാലചന്ദ്രന്റെ നീക്കം. കൂടാതെ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി, ബാലചന്ദ്രന്റെ വ്യക്തിബന്ധങ്ങളും പ്രയോജനപ്പെടുത്താനാണ് നീക്കം. എല്ലാറ്റിലും മുന്നിൽ നിന്ന് നയിക്കാൻ മന്ത്രി വി.എസ് സുനിൽകുമാറിനെ തന്നെ നിയോഗിച്ചിട്ടുമുണ്ട്.
എന്നാൽ ഇത്തവണ വിജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാൽ. മൂന്നു പേരും പ്രചാരണത്തിൽ ഒരു ഒത്തു തീർപ്പിനുമില്ലെന്ന് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ചെന്നാൽ അറിയാനാകും. എല്ലാം തങ്ങളുടെ ശക്തികേന്ദ്രങ്ങളെന്ന് തോന്നിപ്പിക്കും വിധം പ്രചാരണം. കുടുംബയോഗങ്ങളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചും പ്രചാരണം മുമ്പോട്ട് പോകുന്നു.
പ്രചാരണ പ്രവർത്തനത്തിന് ആദ്യം തുടക്കം കുറിച്ചത് ബാലചന്ദ്രനായിരുന്നെങ്കിലും പിന്നീട് വന്ന പത്മജയും അവസാനമെത്തിയ സുരേഷ് ഗോപിയും പടിപടിയായി ഭംഗിയാക്കി.
ആദ്യം തന്നെ മുഖ്യമന്ത്രിയെ പ്രചാരണത്തിനിറക്കി എൽ.ഡി.എഫ് മേൽക്കൈ നേടിയെങ്കിലും കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്ന് യു.ഡി.എഫും ആവേശം തീർത്തു. അതേസമയം വൈകിയെത്തിയെങ്കിലും സ്വയം താരപ്രചാരകനായും സ്ഥാനാർത്ഥിയായും ഒരേസമയം കുടുംബയോഗങ്ങളിൽ വരെ കടന്നെത്തുകയാണ് സുരേഷ് ഗോപി. മത്സരം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പൂരത്തിന് കത്തിച്ചു വിട്ട നിലയമിട്ട് പോലെ എട്ടുനിലയിൽ അണപൊട്ടുകയാണ് തിരഞ്ഞെടുപ്പ് ആവേശവും മൂന്ന് മുന്നണികളുടെയും പ്രതീക്ഷകളും.
മൂന്നാമൻ ആരാകും ?
ഓരോ മുന്നണികൾക്കും അവരുടെ പോക്കറ്റിലെ എത്ര വോട്ട് കുറയുന്നുവോ അത്രയും വിജയസാദ്ധ്യത കുറയും. അവിടെ സുരേഷ് ഗോപിയുടെ താരപ്രചാരണമാണ് നിർണ്ണായകമാകുക. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതിന് തിരിച്ചടി ഉണ്ടായപ്പോൾ ഈ തിരഞ്ഞെടുപ്പിൽ അത് ആരുടെ അക്കൗണ്ടിലാണ് നഷ്ടം വരുത്തുക എന്നതാണ് നിർണ്ണായകമാകുക. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടൊഴുക്കും ഗതി നിർണ്ണയിക്കും.