തൃശൂർ : പൂരത്തിന് ഇരുവിഭാഗവും ഉയർത്താൻപോകുന്ന 'സസ്പെൻസ് കുട'യേതാകുമെന്ന അതേ കുടമാറ്റത്തിന്റെ ആകാംക്ഷയാണ് ഇരിങ്ങാലക്കുടയിൽ. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ആരംഭിച്ച അതേ ആവേശം പ്രചാരണ അവസാനത്തിലും നീണ്ടുനിൽക്കുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി മുൻ ഡി.ജി.പി ജേക്കബ്ബ് തോമസ്, എൽ.ഡി.എഫിനായി മുൻ തൃശൂർ മേയർ പ്രൊഫ. ആർ. ബിന്ദു, യു.ഡി.എഫിനായി കേരളകോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടൻ എന്നിവരാണ് മത്സരിക്കുന്നത്. മൂന്ന് സ്ഥാനാർത്ഥികളുടെയും പ്രതീക്ഷകൾക്ക് പഞ്ഞമില്ല. സിറ്റിംഗ് എം.എൽ.എ കെ.യു അരുണനെ മാറ്റിയാണ് ബിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ തവണ 2,711 വോട്ടിന്റെ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂ.
അഴിമതി വിരുദ്ധ പ്രതിച്ഛായയിൽ ജേക്കബ് തോമസ്
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത ജേക്കബ്ബ് തോമസിൽ എൻ.ഡി.എയ്ക്ക് ഏറെ പ്രതീക്ഷയുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുമ്പേ മണ്ഡലത്തിൽ സജീവമായിരുന്നു. ഇവിടെ 2016 ൽ എൻ.ഡി.എയ്ക്കായി സന്തോഷ് ചെറാക്കുളം നേടിയത് 30,420 വോട്ടാണ്. ക്രൈസ്തവ വിഭാഗത്തിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ്. നിഷ്പക്ഷമായ ക്രൈസ്തവ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
മണ്ഡലത്തിലെ സ്വാധീനത്തിൽ ഉണ്ണിയാടന് കണ്ണ്
മൂന്ന് തവണ ഇരിങ്ങാലക്കുടയെ പ്രതിനിധീകരിച്ച തോമസ് ഉണ്ണിയാടന് മണ്ഡലത്തിൽ ഏറെ സ്വാധീനമുണ്ട്. കഴിഞ്ഞ തവണയുണ്ടായ എൽ.ഡി.എഫ് തരംഗത്തിലും മൂവായിരത്തിൽ താഴെ വോട്ടിനാണ് ഉണ്ണിയാടൻ പരാജയപ്പെട്ടത്. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രി സഭയിൽ ചീഫ് വിപ്പായിരുന്ന ഉണ്ണിയാടൻ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ വിട്ടാണ് ജോസഫിന്റെ കൂടെ പോയത്. പ്രചാരണത്തിന്റെ തുടക്കത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിരുന്നെങ്കിലും നിലവിൽ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്.
ജന്മനാടിന്റെ സ്വന്തം ബിന്ദു
പ്രൊഫ. ആർ. ബിന്ദു തന്റെ സ്വന്തം നാട്ടിലാണ് മത്സരിക്കുന്നത്. വ്യക്തിബന്ധങ്ങളെല്ലാം ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തൽ. കൂടാതെ പാർട്ടി സെക്രട്ടറിയായ എ. വിജയരാഘവന്റെ ഭാര്യ എന്ന നിലയിൽ സംഘടനാ ശേഷി കൊണ്ട് വിജയിപ്പിച്ചെടുക്കേണ്ടത് പാർട്ടി ഉത്തരവാദിത്വവുമാണ്. ഭാര്യ എന്ന നിലയിലല്ല പാർട്ടിയുടെ സജീവ പ്രവർത്തക എന്ന നിലയിലാണ് തനിക്ക് സീറ്റ് ലഭിച്ചതെന്ന് ബിന്ദു പറഞ്ഞു. കേരളവർമ്മ കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജ്ജായി സ്ഥാനം വഹിക്കുന്നതിനിടെയാണ് ഇരിങ്ങാലക്കുടയിൽ മത്സരിക്കണമെന്ന നിർദ്ദേശം ലഭിച്ചത്. ഇതോടെ അദ്ധ്യാപന ജോലി രാജിവച്ചാണ് മത്സരിക്കാനെത്തിയത്.
ഇരിങ്ങാലക്കുട മണ്ഡലം
ഇരിങ്ങാലക്കുട നഗരസഭ, ആളൂർ, കാറളം, കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് ഇരിങ്ങാലക്കുട മണ്ഡലം .