തൃശൂർ: സർക്കാരിനെതിരെയും ബി.ജെ.പിക്കെതിരെയും രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപതയുടെ ലേഖനം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് എൽ.ഡി.എഫ് അധികാരത്തിൽ വന്നത്. എന്നാൽ ഒന്നും ശരിയായില്ല. ശരിയായത് ചില നേതാക്കളുടെയും അവരുടെ ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണ്. പിൻവാതിൽ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങൾ എടുത്ത് പറഞ്ഞായിരുന്നു വിമർശനം.
ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. എല്ലാസംസ്ഥാനങ്ങളെയും ഭൂരിപക്ഷവർഗീയതയുടെ കാൽക്കീഴിലാക്കാൻ ഇവർ ശ്രമിക്കുന്നു. കേരളം ഇതുവരെ അതിന് പിടി കൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാവരുത്. അതുകൊണ്ട് ശ്രദ്ധാപൂർവം ബുദ്ധി ഉപയോഗിച്ച് വേണം വോട്ട് ചെയ്യാനെന്നും പറയുന്നു.
എൽ.ഡി.എഫിനെയും ബി.ജെ.പിയെയും വിമർശിക്കുമ്പോഴും യു.ഡി.എഫിനെതിരെയോ കോൺഗ്രസിനെതിരെയോ ഒരു പരാമർശം പോലും ലേഖനത്തിലില്ല. സഭയുടെ നിലപാട് ഏത് തരത്തിൽ ബാധിക്കുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്.