തൃശൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നൊഴിച്ച് ബാക്കി എല്ലാ മണ്ഡലവും കൈക്കലാക്കിയ എൽ.ഡി.എഫിന് ഇത്തവണയും ആ നേട്ടം കൈവരിക്കാൻ സാധിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ 13 മണ്ഡലങ്ങളിൽ വടക്കാഞ്ചേരി മാത്രമാണ് യു.ഡി.എഫിന് കൈക്കലാക്കാൻ കഴിഞ്ഞത്.
പിണറായി മന്ത്രിസഭയിൽ മൂന്നു മന്ത്രിമാരും ഒരു ചീഫ് വിപ്പും ഉണ്ടായിരുന്നു. ഇതിന്റെ ഗുണം ഇത്തവണ തങ്ങൾക്ക് നേട്ടമാകുമെന്നും 13സീറ്റും നേടുമെന്നും എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ് യു.ഡി.എഫ്. അതേസമയം, തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അട്ടിമറി ജയം നേടാനുളള കരുത്ത് തങ്ങൾക്ക് ഉണ്ടെന്നാണ് എൻ.ഡി.എയുടെ അവകാശവാദം.
സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം വീണ്ടും
തൃശൂർ, മണലൂർ,ഇരിങ്ങാലക്കുട, പുതുക്കാട്,വടക്കാഞ്ചേരി,കയ്പ്പമംഗലം,കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ശക്തന്റെ തട്ടകമായ തൃശൂരിൽ സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം തന്നെയാണ് ശ്രദ്ധ നേടുന്നത്. മന്ത്രി വി.എസ്. സുനിൽകുമാറിന് പകരക്കാരനായി എത്തിയ പി. ബാലചന്ദ്രൻ, ലീഡറുടെ മകൾ പദ്മജ എന്നിവർ തമ്മിലാണ് പോരാട്ടം നടക്കുന്നത്.
വടക്കാഞ്ചേരിയിലും ഫോട്ടോഫിനിഷ്
ലൈഫ് പദ്ധതി അഴിമതി ഏറെ ചർച്ച ചെയ്യപ്പെട്ട വടക്കാഞ്ചേരിയിൽ യു.ഡി.എഫിലെ അനിൽ അക്കരയും എൽ.ഡി.എഫിലെ സേവ്യർ ചിറ്റിലപ്പിള്ളിയും തമ്മിലാണ് മത്സരമെങ്കിലും അഡ്വ. ടി.എസ്. ഉല്ലാസ് ബാബുവിലൂടെ എൻ.ഡി.എയും ശക്തമായി പ്രചാരണ രംഗത്തുണ്ട്. അത് കൊണ്ട് തന്നെ ആർക്ക് വിജയിച്ച് കയറാൻ സാധിക്കുന്നമെന്നത് ഫോട്ടോഫിനിഷിംഗിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.
കുന്നംകുളത്തും തീപാറും പോരാട്ടം
കഴിഞ്ഞ തവണ 43 വോട്ടിനാണ് യു.ഡി.എഫ് വിജയിച്ചത്. പിണറായി മന്ത്രി സഭയിലെ പ്രമുഖനായിരുന്ന എ.സി. മൊയ്തീൻ മത്സരിക്കുന്ന കുന്നംകുളത്തും തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. പ്രാദേശിക നേതാവായ കെ. ജയശങ്കറിനെ ഇറക്കിയാണ് യു.ഡി.എഫ് കടുത്ത വെല്ലവിളി ഉയർത്തിയിരിക്കുന്നത്. എൻ.ഡി.എക്കും ഏറെ വേരോട്ടമുള്ള ഇവിടെ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറാണ് മത്സരിക്കുന്നത്.
ഗുരുവായൂരിൽ അടിയൊഴുക്കുകൾ
ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയതോടെ സംസ്ഥാന തലത്തിൽ ശ്രദ്ധാകേന്ദ്രമായ ഗുരുവായൂരിലെ അടിയൊഴുക്കുകളിൽ ആര് വിജയിക്കുമെന്നത് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇവിടെ എൻ.ഡി.എ ഡി.എസ്.ജെ.പി സ്ഥാനാർത്ഥിയായ കെ. ദിലീപ് നായരെയാണ് പിന്തുണയ്ക്കുന്നത്. എന്നാൽ, ബി.ജെ.പിയുടെ മുഴുവൻ വോട്ടുകളും അവർക്ക് ലഭിക്കില്ലെന്നും അതിന്റെ ഗുണം തങ്ങൾക്ക് ലഭിക്കുമെന്നുമാണ് എൽ.ഡി.എഫിലെ എൻ.കെ.അക്ബറും യു.ഡി.എഫിലെ കെ.എൻ.എ. ഖാദറും അവകാശപ്പെടുന്നത്.
മണലൂരിലും ശക്തമായ മത്സരം
മണലൂരിൽ സിറ്റിംഗ് എം.എൽ.എ മുരളി പെരുനെല്ലിയെ നേരിടുന്നത് യു.ഡി.എഫിലെ യുവനേതാവ് വിജയ് ഹരിയാണ്. അതോടൊപ്പം എൻ.ഡി.എക്ക് നാൽപ്പതിനായിരത്തോളം വോട്ടുള്ള ഇവിടെ സംസ്ഥാന നേതാവ് എ.എൻ. രാധാകൃഷ്ണൻ തന്നെയാണ് മത്സരിക്കുന്നത്.
നാട്ടികയിൽ പുതുമുഖങ്ങൾ
സംവരണ മണ്ഡലമായ നാട്ടികയിൽ ഇത്തവണ പുതുമുഖങ്ങളുടെ പോരാട്ടമാണ്. എൽ.ഡി.എഫിന്റെ കുത്തക സീറ്റായ ഇവിടെ സിറ്റിംഗ് എം.എൽ.എ ഗീതാ ഗോപിയെ മാറ്റി സി.സി. മുകുന്ദനെയാണ് മത്സരിപ്പിക്കുന്നത്. ഗീതാ ഗോപിയെ മാറ്റിയതിനെതിരെ ഒരു വിഭാഗത്തിന് അമർഷം നിലനിൽക്കുന്നുണ്ട്. നാട്ടിക സീറ്റിനായി യു.ഡി.എഫിലെ നിരവധി പേർ രംഗത്തെത്തിയെങ്കിലും അവസാനം യുവനേതാവ് സുനിൽ ലാലൂരിനാണ് നറുക്ക് വീണത്. എൻ.ഡി.എയ്ക്ക് വളരെയേറെ സ്വാധീനമുള്ള ഇവിടെ കെ.പി.എം.എസ് നേതാവായ ലോചനൻ അമ്പാട്ടാണ് മത്സരിക്കുന്നത്.
കയ്പമംഗലം എൽ.ഡി.എഫിന് വൻഭൂരിപക്ഷം ലഭിച്ച മണ്ഡലം
കഴിഞ്ഞ തവണ എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലമാണ് കയ്പമംഗലം. സിറ്റിംഗ് എം.എൽ.എയായ ഇ.ടി. ടൈസൺ തന്നെയാണ് ഇക്കുറിയും വിജയപരീക്ഷണത്തിനെത്തുന്നത്. ശോഭ സുബിൻ എന്ന യൂത്ത് കോൺഗ്രസ് നേതാവിനെ കളത്തിലിറക്കിയ യു.ഡി.എഫ് ഇവിടെ മത്സരരംഗത്തേക്ക് തിരിച്ചു വന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഇവിടെ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.ഡി. ശ്രീലാൽ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി.
കൊടുങ്ങല്ലൂരിലും ശക്തമായ ത്രികോണ മത്സരം
ത്രികോണ മത്സരത്തിനാണ് കൊടുങ്ങല്ലൂർ സാക്ഷ്യം വഹിക്കുന്നത്. സിറ്റിംഗ് എം.എൽ.എയായ എൽ.ഡി.എഫിലെ വി.ആർ. സുനിൽ കുമാറിനെ നേരിടുന്നത് കോൺഗ്രസിലെ മുതിർന്ന നേതാവായ എം.പി. ജാക്‌സൺ ആണ്. നഗരസഭയിൽ പ്രതിപക്ഷ സ്ഥാനമുള്ള ബി.ജെ.പി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് സന്തോഷ് ചേറാക്കുളത്തെയാണ്. ചാലക്കുടിയിൽ എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ ജോസ് വിഭാഗം മത്സരിക്കുന്ന ഇവിടെ അടുത്തിടെ കോൺഗ്രസ് വിട്ട ഡെന്നീസ് ആന്റണിയാണ് സ്ഥാനാർത്ഥി. എന്നാൽ, ഇത്തവണ ചാലക്കുടി തങ്ങൾക്ക് അനുകൂലമാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. കെ.പി.സി.സി സെക്രട്ടറി ടി.ജെ.സനീഷ് കുമാറാണ് ഇവിടെ ജനവിധി തേടുന്നത്. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണനാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി.
മത്സരം കടുപ്പിച്ച് ഇരിങ്ങാലക്കുട
മുൻ.ഡി.ജി.പി ജേക്കബ് തോമസ്, സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ പ്രൊഫ. ആർ. ബിന്ദു, മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാൻ എന്നിവർ മത്സരിക്കുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിൽ മത്സരം കടുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. മന്ത്രി സി. രവീന്ദ്രനാഥിന്റെ മണ്ഡലമായിരുന്ന പുതുക്കാട് അദ്ദേഹത്തിന് പകരം സി.ഐ.ടി.യു നേതാവ് കെ.കെ. രാമചന്ദ്രനാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ അന്തിക്കാടാണ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
ഒല്ലൂരിലും കടുത്ത പോരാട്ടം
ചീഫ് വിപ്പിന്റെ മണ്ഡലമായ ഒല്ലൂരിൽ ഇത്തവണ പോരാട്ടം കടുപ്പമേറിയതാണ്. കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂരാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. ഇവിടെ സഭാ നിലപാട് മത്സര ഫലത്തിൽ വളരെയേറെ നിർണ്ണായകമാകും. ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മുൻ സ്പീക്കർ കെ. രാധകൃഷ്ണൻ വീണ്ടും മത്സരരംഗത്തേക്ക് എത്തിയ ചേലക്കരയിലും പോരാട്ട വീര്യത്തിന് കുറവില്ല. യു.ഡി.എഫിലെ സി.സി. ശ്രീകുമാറാണ് സ്ഥാനാർത്ഥി. പട്ടിക ജാതിമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ഞായറാഴ്ച്ച കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ മുഴുവൻ അടവുകളും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളും.