തൃശൂർ: കോർപറേഷൻ പ്രദേശത്ത് കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും ചെളിവെള്ളം വിതരണം ചെയ്യുന്നതിനെതിരെയും കോൺഗ്രസ് കൗൺസിലർമാർ ശനിയാഴ്ച രാവിലെ 9.30ന് കോർപറേഷൻ ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തും. തൃശൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്യും.
പീച്ചിയിൽ പുതിയ ജലശുദ്ധികരണ പ്ലാന്റ് കമ്മിഷൻ ചെയ്തശേഷം കോർപറേഷൻ മുഴുവൻ പ്രദേശത്തും ജലവിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാണെന്നും വല്ലപ്പോഴും കിട്ടുന്നത് ചെളിവെള്ളമാണെന്നും കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.
മുഴുവൻ കോർപറേഷൻ പ്രദേശത്തും സുഭിഷ ശുദ്ധ ജലവിതരണം വാഗ്ദാനം ചെയ്ത് 140 കോടി നഷ്ടപ്പെടുത്തി. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞതായി രാജൻ ജെ. പല്ലൻ ആരോപിച്ചു. പീച്ചിയിലെ 200 ലക്ഷം ലിറ്റർ അധികവെള്ളം മൂന്നാം പൈപ്പ് ലൈൻ സ്ഥാപിച്ച് തൃശൂരിൽ എത്തിക്കുക മാത്രമാണ് ഏകപരിഹാരം. മൂന്നാം പൈപ്പ് ലെയിനിനായി അടിയന്തര നടപടി വേണമെന്ന് രാജൻ ജെ.പല്ലൻ ആവശ്യപ്പെട്ടു.