news-photo
പുതൂര്‍ ഉണ്ണികൃഷ്ണന്‍ അനുസ്മരണം നഗരസഭാ ചെയര്‍മാന്‍ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: ദേവസ്വം നവീകരിക്കുന്ന വായനശാലയ്ക്ക് ദേവസ്വത്തിന്റെ ലൈബ്രേറിയൻ ആയിരുന്ന ഗുരുവായൂരിന്റെ സാഹിത്യകാരൻ പുതൂർ ഉണ്ണിക്കൃഷ്ണന്റെ പേരിടണമെന്ന് നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ആവശ്യപ്പെട്ടു. പുതൂർ ഉണ്ണിക്കൃഷണൻ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നഗരസഭാ ചെയർമാൻ.

പുതൂരിന്റെ ഏഴാം ചരമവാർഷിക ദിനത്തിൽ പുതൂർ സ്മാരക ട്രസ്റ്റും ഫൗണ്ടേഷനും ചേർന്നായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. പുതൂരിന്റെ 'എന്റെ പ്രിയകഥകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ ജി.കെ. പ്രകാശൻ ഏറ്റുവാങ്ങി.

കെ.പി. ഉദയൻ, ജനു ഗുരുവായൂർ, ഷാജു പുതൂർ, ഒ.കെ.ആർ. മണികണ്ഠൻ, രവി ചങ്കത്ത്, ബാലൻ വാറണാട്ട്, റഹ്മാൻ തിരുനെല്ലൂർ, മുരളി അകമ്പടി തുടങ്ങിയവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനുസ്മരണച്ചടങ്ങിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ പുതൂരിന്റെ ഛായാച്ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പുതൂർ കഥകളെ പറ്റി സംസാരിച്ചു.