puthukad

പുതുക്കാട്: തുടർച്ചയായി മത്സരിച്ച് ജയിച്ച പ്രൊഫ.സി. രവീന്ദ്രനാഥിന്റെ അസാന്നിദ്ധ്യം, ശക്തരായ സ്ഥാനാർത്ഥികളുമായി മൂന്ന് മുന്നണികളും ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന ഇടം അങ്ങനെ സവിശേഷതകൾ ഏറെയുള്ള മണ്ഡലമാണ് പുതുക്കാട്. പ്രചാരണം അവസാനിക്കുമ്പോളും മൂന്ന് മുന്നണികളുടെയും പ്രതീക്ഷകൾ അവസാനിക്കുന്നില്ല.

സംസ്ഥാന സർക്കാറിന്റെ ഹൈടെക് പള്ളിക്കൂടം പദ്ധതി നടപ്പിലാക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ തട്ടകമായതിനാൽ അഭിമാനപോരാട്ടമാണ് ഇടതിന്റേത്. 2016ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മികച്ച ഭൂരിപക്ഷവും നേടി 79,464 വോട്ടുകളാണ് രവീന്ദ്രനാഥ് നേടിയത്. 1987 മുതൽ 2001 വരെ തുടർച്ചയായി നാല് തവണ വിജയിച്ച കോൺഗ്രസിലെ കെ.പി വിശ്വനാഥനിൽ നിന്നും 200​6ൽ പ്രൊഫ. സി. രവീന്ദ്രനാഥാണ് മണ്ഡലം ഇടത്തോട്ടടുപ്പിച്ചത്. പിന്നീട് രവീന്ദ്രനാഥ് തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. പുത്തൻ വിദ്യാഭ്യാസ നയങ്ങളും,​ മണ്ഡലത്തിൽ ആവിഷ്കരിച്ച സുസ്ഥിര വികസന പദ്ധതികളും ഗുണം ചെയ്യുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ രാമചന്ദ്രൻ വിശ്വസിക്കുന്നു. കൂടാതെ മണ്ഡലത്തിലെ സംഘടനാ ശേഷിയും ഗുണം ചെയ്യുമെന്ന് ഇടത് കേന്ദ്രങ്ങൾ വിശ്വസിക്കുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം എറെ വൈകിയെങ്കിലും ആദ്യം മുതലേ ഉണ്ടായ പ്രതിഷേധങ്ങൾ അടങ്ങിയെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ അന്തിക്കാട്. എല്ലാവരെയും അനുനയിപ്പിച്ച് പ്രചാരണം സജീവമാക്കാൻ അദ്ദേഹത്തിനായി. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ടി.എൻ പ്രതാപന് 6,​500 വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലത്തിൽ നിന്നും നേടാനായതിൽ യു.ഡി.എഫ് പ്രതീക്ഷയർപ്പിക്കുന്നുണ്ട്. രവീന്ദ്രനാഥ് കളമൊഴിഞ്ഞതോടെ ഇടതിന് അനുകൂലമായ മണ്ഡലചരിത്രം പഴങ്കഥയാകുമെന്നും യു.ഡി.എഫ് വിശ്വസിക്കുന്നു.

കഴിഞ്ഞപ്രാവശ്യം 36,000 ൽ ഏറെ വോട്ട് നേടിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് തന്നെയാണ് ഇത്തവണയും എൻ.ഡി.എ സ്ഥാനാർത്ഥി. പരമാവധി വോട്ടർമാരെ നേരിൽ കണ്ടും കൺവെൻഷനുകൾ സംഘടിപ്പിച്ചും പ്രചാരണത്തിൽ മറ്റുള്ളവർക്കൊപ്പം തന്നെയുണ്ട് നാഗേഷ്. നാഗേഷിന്റെ സംഘാടന മികവിനാലും തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട് ബി.ജെ.പി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മണ്ഡലത്തിൽ നിന്നും ലഭിച്ച 46,500 വോട്ടുകളും,​ പഞ്ചായത്ത് തിരത്തെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ ലഭിച്ച 42,500 വോട്ടുകളും ഇത്തവണ മുന്നിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.