തിരുവില്വാമല: കേരളത്തെ ഇരു മുന്നണികളും ചേർന്ന് കൊള്ളയടിച്ചെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൗഹാൻ. എൻ.ഡി.എ ചേലക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പുറത്ത് ഇവർ മോതിരം മാറ്റം കഴിഞ്ഞവരാണ്. രാജ്യം കണ്ട ഏറ്റവും വലിയ നുണയനാണ് കോൺഗ്രസ് നേതാവ് രാഹുൽ. അതേപോലെ തന്നെയാണ് കേരളത്തിലെ മുഖ്യമന്ത്രിയും. സ്വർണക്കടത്ത് പ്രതിക്ക് ലക്ഷങ്ങൾ ശമ്പളം നൽകിയത് എന്തിനെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം. ഭാരതീയ ജനതാപാർട്ടി സ്‌നേഹത്തിനെതിരല്ലെന്നും ജിഹാദിനോടാണ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവില്വാമല ടൗണിൽ നിന്നാരംഭിച്ച ശക്തി പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാടിനൊപ്പം തുറന്ന ജീപ്പിൽ ശിവരാജ് സിംഗ് ചൗഹാൻ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ചേലക്കര നിയോജകമണ്ഡലം പ്രസിഡന്റ് രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.സി. പ്രകാശൻ, പി.എസ്. കണ്ണൻ തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.