പാവറട്ടി: ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തി നൽകുന്ന ദേശീയ സാക്ഷ്യപത്രത്തിന് മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം അർഹത നേടി. 90.1 ശതമാനം മാർക്ക് നേടിയാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ എൻ.ക്യു.എ.എസ് അംഗീകാരത്തിന് സ്ഥാപനം അർഹത നേടിയത്.

ശുചിത്വ പരിപാലനത്തിന്റെ മികവിനെ അടിസ്ഥാനമാക്കി മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന 'കായ കൽപ്പം' പുരസ്‌കാരത്തിന് ജില്ലാതലത്തിൽ രണ്ട് തവണ മൂന്നാം സ്ഥാനവും രണ്ടു തവണ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടുതവണ അഞ്ച്, ആറ് സ്ഥാനങ്ങളും മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.
ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്ഥാപനത്തിൽ നടന്നു വരുന്നുണ്ട്.