konna
മേലൂരിലെ തെരുവിൽ പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന

ചാലക്കുടി: വർഷങ്ങളേറെയായി കാലം തെറ്റി പുഷ്പിക്കുന്നുവെന്ന പഴി കേൾക്കുന്നുണ്ട് കണിക്കൊന്ന എന്ന കേരളക്കരയുടെ ഔദ്യോഗിക പുഷ്പം. നേർവഴിക്കാകട്ടെ ഇത്തവണത്തെ പൂക്കാലമെന്ന് നിനച്ചെങ്കിലും ഫലമില്ലാത്ത അവസ്ഥ. ഒരു ഭാഗത്ത് കൂടിയും കുറഞ്ഞും തുടരുന്ന കൊവിഡ് വൈറസ് ബാധ, മറുഭാഗത്താകട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകി നാട്ടുകാരും. പിന്നെ ആർക്കാണ് കണിക്കൊന്നയെന്ന കേരളത്തിന്റെ പുഷ്പത്തെ വാഴ്ത്താനും വർണ്ണിക്കാനും നേരം....എന്നാൽ ഇതൊന്നും അറിയാതെ തങ്ങളുടെ ജന്മദൗത്യവുമായി ഇവയെല്ലാം പതിവിൽ കവിഞ്ഞ ശോഭയുമായി നാടായ നാടാകെ പൂത്തുനിൽക്കുന്നു.

സ്ഥാനാർത്ഥികൾക്ക് സമർപ്പിക്കാനായിരുന്നു ഇത്തവണ ആളുകൾ തങ്ങളെ തേടിയെത്തിയതെന്ന് നിറങ്ങളിൽ ആഹ്ലാദ പെരുമ സൃഷ്ടിക്കുന്ന കണിക്കൊന്നകൾ അറിയാതെ പോയി. കഴിഞ്ഞ വിഷുക്കാലം കണിക്കൊന്നകളും ലോക് ഡൗണിൽ കുടുങ്ങി. പടക്കംപോലും പൊട്ടിക്കാൻ തുനിയാതിരുന്ന ജനങ്ങൾ കൊന്നപ്പൂക്കളെ എത്തി നോക്കിയതു പോലുമില്ല. പേരിനായി ചിലർമാത്രം ഇവയുടെ ഇതൾ കണിപ്പാത്രത്തിൽ എത്തിച്ചു. ഇത്തവണയും ഗതകാല പെരുമയെല്ലാം അയവിറക്കി ഇവയ്ക്ക് വിഷുക്കാലം തള്ളി നീക്കേണ്ടി വരും. മേലൂർ കരുവാപ്പടി ഇപ്പോൾ കണിക്കൊന്ന പൂക്കളാൽ പീതാംബര ശോഭയിലാണ്. റോഡരികിലും വീട്ടു തൊടികളിലും ഇവയുടെ തലയെടുപ്പിന് കണ്ണഞ്ചപ്പിക്കുന്ന കുളിർമയുമേകുന്നു.

............................

ഔഷധക്കൊന്ന

വെറുമൊരു കണികാണലിൽ ഒതുങ്ങുന്നതല്ല യഥാർത്ഥത്തിൽ കണിക്കൊന്നയുടെ ദൗത്യം. വാതം, പിത്തം, കഫം എന്നീ ദോഷങ്ങളെ അകറ്റുന്ന ഔഷധത്തിന് കണിക്കൊന്ന പൂക്കൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റ തോൽ രക്ത ശുദ്ധീകരണത്തിന് ആയൂർവേദത്തിൽ ചേരുവയും. ചർമ്മ രോഗങ്ങൾക്ക് പ്രതിവിധിയായുള്ള നാട്ടു ചികിത്സയിലും തോൽ ഉപയോഗിക്കുന്നു.