തൃശൂർ: കൊട്ടിക്കലാശവും ബൈക്ക് റാലികളും ആരവങ്ങളുമില്ലാതെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ പോരാട്ടത്തിൻ്റെ വീറും വാശിയും ചോരുന്നില്ല. പ്രചാരണത്തിൻ്റെ ആദ്യഘട്ടത്തിലെ ഏറ്റക്കുറച്ചിലുകൾക്കൊടുവിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം വോട്ടർമാർക്കിടയിലുണ്ട്. ചില മണ്ഡലങ്ങളിൽ ഉറച്ച പ്രതീക്ഷ ഇരുമുന്നണികളും പുലർത്തുമ്പോൾ ബാക്കിയുളളവയിൽ വിധി നിർണായകമാകും. കണക്കുക്കൂട്ടൽ തെറ്റിക്കുമെന്ന ആത്മവിശ്വാസത്തോടെ ത്രികോണ മത്സരം കാഴ്ചവയ്ക്കാൻ എൻ.ഡി.എ രംഗത്തുള്ളതിനാൽ മത്സരം പ്രവചനാതീതം. മുഖ്യമന്ത്രി ഒഴികെ, നാടിളക്കാൻ കഴിയുന്ന താരപ്രചാരകരില്ല എന്ന പരിമിതി ബാധിക്കില്ലെന്ന വിശ്വാസമാണ് ഇടതുമുന്നണിക്കുള്ളത്. തുടർഭരണമെന്ന ചർച്ചകളും സർവേകളും ഇടതുമുന്നണിക്ക് നൽകിയ മുൻതൂക്കം പ്രതിഫലിക്കില്ലെന്ന് യു.ഡി.എഫും കരുതുന്നു. ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിൻ്റെ ക്ഷീണമെല്ലാം മറികടന്ന് പ്രചാരണത്തിൽ മുന്നേറിയതായാണ് എൻ.ഡി.എയുടെ പ്രത്യാശ. ജില്ലയിലെ ചില ശ്രദ്ധേയ മണ്ഡലങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം:
തൃശൂർ
ശക്തമായ ത്രികോണ മത്സരത്തിലാണ് തൃശൂർ. എല്‍.ഡി.എഫിൻ്റെ ഉറച്ച വോട്ടുകൾ നിലനിറുത്തി, ഭരണമികവിൻ്റെ പേരില്‍ നേടിയ വോട്ടുകളിലൂടെ പി. ബാലചന്ദ്രൻ ജയിച്ചുകയറുമെന്ന് ഇടതുപക്ഷം. ഗ്രൂപ്പുകൾ മറന്ന് പാര്‍ട്ടി നേതാക്കളും പ്രവർത്തകരും പൂര്‍ണമായും കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസവും ലീഡറുടെ മകൾ എന്ന പ്രതിച്ഛായയും പത്മജ വേണുഗോപാലിനെ ജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സുരേഷ് ഗോപിയുടെ വരവ് താരമണ്ഡലമാക്കിയതും വികസനവാഗ്ദാനങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയതുമാണ് എന്‍.ഡി.എയുടെ വിജയപ്രതീക്ഷ.
കുന്നംകുളം
മത്സര രംഗത്തുള്ള ജില്ലയിലെ ഏകമന്ത്രി എ.സി മൊയ്തീൻ്റെ മത്സരം എല്‍.ഡി.എഫിന് അഭിമാനപ്രശ്നമാണ്. വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സിറ്റിംഗ് എം.എല്‍.എയായ മന്ത്രി വിജയിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഇടത് ക്യാമ്പ്. വികസന മുരടിപ്പ് എടുത്തുപറഞ്ഞ്, ജനപ്രിയനായ നേതാവ് കെ. ജയശങ്കറിൻ്റെ പ്രതിച്ഛായ വിജയം കൊണ്ടുവരുമെന്ന് യു.ഡി.എഫ്. കരുതുന്നു. ഇരുമുന്നണികളെയും അട്ടിമറിക്കാൻ അനുഭവസമ്പത്തുള്ള ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന് കഴിയുമെന്ന പ്രത്യാശയുണ്ട് എന്‍.ഡി.എയ്ക്ക്.
വടക്കാഞ്ചേരി
സേവ്യര്‍ ചിറ്റിലപ്പിള്ളി എന്ന പുതുമുഖത്തിൻ്റെ പ്രതിച്ഛായ മാത്രം മതി ജയിക്കാനെന്ന വിശ്വാസമാണ് എൽ.ഡി.എഫിനുള്ളത്. ലൈഫ് മിഷന്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്ന എം.എൽ.എ ആയതിനാൽ അനില്‍ അക്കര ജയിക്കുമെന്ന് യു.ഡി.എഫും വിശ്വസിക്കുന്നു. ലൈഫ് മിഷനിൽ സര്‍ക്കാരിനും കോൺഗ്രസിനുമെതിരെ തിരിഞ്ഞ് വോട്ടുനേടാനുള്ള അടിത്തറ ഉല്ലാസ് ബാബു സൃഷ്ടിച്ചിട്ടുണ്ടെന്ന് എൻ.ഡി.എയും ആശ്വസിക്കുന്നു.
ഗുരുവായൂര്‍
എല്‍.ഡി.എഫിലെ എന്‍.കെ അക്ബർ സി.പി.എം ഏരിയാ സെക്രട്ടറിയെന്ന നിലയില്‍ മണ്ഡലം മുഴുവന്‍ സുപരിചിതനാണെന്ന് അവർ വിശ്വസിക്കുമ്പോൾ, നിയമസഭാ സാമാജികനെന്ന നിലയില്‍ മൂന്നുഘട്ടങ്ങളിലായി ലഭിച്ച പ്രവര്‍ത്തനപരിചയമാണ് യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിൻ്റെ അനുകൂല ഘടകം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ.സി. നിവേദിതയുടെ പത്രിക തള്ളിയെങ്കിലും ഡി.എസ്.ജെ.പി. സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് എന്‍.ഡി.എ പിന്തുണ നൽകിയതോടെ മുന്നണി സജീവമായി. പക്ഷേ ബി.ജെ.പി വോട്ട് മുഴുവനായി ദിലീപിന് കിട്ടിയില്ലെങ്കിൽ ബാക്കി ആർക്ക് ലഭിക്കുമെന്നത് നിർണ്ണായകമാകും.
ഇരിങ്ങാലക്കുട
സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു മുന്നണി, പാര്‍ട്ടി സംവിധാനങ്ങളുടെ ശക്തമായ പിന്തുണയോടെയാണ് പ്രചാരണത്തിലുളളത്. ഇവിടെ ജനിച്ചുവളര്‍ന്നതിൻ്റെ വ്യക്തിബന്ധങ്ങള്‍ സ്ഥാനാർത്ഥിയെ തുണയ്ക്കുമെന്ന് ഇടത് ക്യാമ്പ് കരുതുന്നു. കാല്‍നൂറ്റാണ്ടായി മണ്ഡലത്തിൽ പരിചിതനാണെന്നത് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടൻ്റെ വിജയസാദ്ധ്യത ചൂണ്ടിക്കാട്ടുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിന്റെ ആധുനികരീതിയിലുളള പ്രചാരണവും പ്രതിച്ഛായയും സംസ്ഥാന ശ്രദ്ധയിലെത്തിച്ചതായും അത് തുണയാകുമെന്നും അവർ കരുതുന്നു.
ഒല്ലൂര്‍
പട്ടയം വിതരണവും സുവോളജിക്കൽ പാർക്കും അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ചൂണ്ടിക്കാട്ടി വേട്ടു തേടുന്ന കെ. രാജൻ ഒല്ലൂർ വീണ്ടും ഇടതിനൊപ്പമാക്കുമെന്ന് അവർ കരുതുന്നു. ഒല്ലൂരിലെ സാമുദായിക സ്വഭാവം കണക്കിലെടുത്ത് ഇവിടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്ന നേതാവായ ജോസ് വള്ളൂരിനെ മത്സരിപ്പിക്കാനായെന്ന പ്രത്യാശയിലാണ് യു.ഡി.എഫ്. ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതം ചൂണ്ടിക്കാട്ടിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണൻ വിജയപ്രതീക്ഷ പുലർത്തുന്നത്.