election

തൃശൂർ: പരസ്യപ്രചാരണത്തിന് തിരശീല വീഴുമ്പോൾ പ്രചാരണത്തിന്റെ ആദ്യദിനങ്ങളിലേത് പോലെയല്ല കാര്യങ്ങൾ. ചില ശ്രദ്ധേയമായ മണ്ഡലങ്ങളിലെ പ്രതീക്ഷകൾ ഇങ്ങനെ:


പുതുക്കാട്


വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളുടെ പ്രതിച്ഛായയുളള സി. രവീന്ദ്രനാഥിന് പകരമാണെങ്കിലും കെ.കെ. രാമചന്ദ്രനെ തൊഴിലാളി സംഘടനകളിലെ സ്വാധീനം തുണയ്ക്കുമെന്ന് ഇടതുക്യാമ്പ് പ്രതീക്ഷിക്കുന്നു. പരിഭവങ്ങളും പരാതികളും വെടിഞ്ഞ് നേതാക്കളും പ്രവർത്തകരും എൽ.ഡി.എഫിനൊപ്പം പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നേറിയെന്ന വിശ്വാസമാണ് കോൺഗ്രസിലെ സുനിൽ അന്തിക്കാടിനെ നയിക്കുന്നത്. മുൻകാലങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച മണ്ഡലത്തിൽ, രവീന്ദ്രനാഥിന്റെ അസാന്നിദ്ധ്യത്തിൽ ജയസാദ്ധ്യതയാണ് എൻ.ഡി.എയിലെ എ. നാഗേഷ് പ്രതീക്ഷിക്കുന്നത്.


ചാലക്കുടി


ഘടകകക്ഷിയായ കേരള കോൺഗ്രസിന് ഈ സീറ്റ് ഇടതുമുന്നണി നൽകുമ്പോൾ, ഡെന്നിസ് ആന്റണിയെന്ന മുൻ കോൺഗ്രസ് നേതാവിന്റെ സ്വീകാര്യത കൂടി കണക്കിലെടുത്തിരുന്നു. അതാണ് അവരുടെ പ്രതീക്ഷയും. മുൻ കോൺഗ്രസ് നേതാവിനെ തോൽപ്പിക്കുക എന്ന ലക്ഷ്യം വെച്ച് പാർട്ടി ഒന്നടങ്കം വാശിയോടെ പ്രവർത്തിക്കുന്നതോടെ സനീഷ് കുമാർ ജോസഫ് ജയിച്ചുകയറുമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. എൻ.ഡി.എ. സ്ഥാനാർത്ഥി ബി.ഡി.ജെ.എസ്സിന്റെ മുതിർന്ന നേതാവുമായ കെ.എ. ഉണ്ണിക്കൃഷ്ണനാണ്. ചാലക്കുടിയിൽ എല്ലാവർക്കും പരിചിതനായ അദ്ദേഹത്തിന്, കഴിഞ്ഞ തവണയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കാനായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും എൻ.ഡി.എ.യ്ക്ക് വോട്ട് വിഹിതം കൂടിയതും പ്രതീക്ഷയാണ്.


കൊടുങ്ങല്ലൂർ


മുൻമന്ത്രി വി.കെ. രാജന്റെ മകൻ എന്നതുമാത്രമല്ല, വി.ആർ. സുനിൽകുമാറിന് അനുകൂല ഘടകം. സിറ്റിംഗ് എം.എൽ.എ എന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുവിഹിതവുമെല്ലാം വിജയത്തിലേയ്ക്കുളള വഴി തുറക്കുമെന്ന് ഇടതുക്യാമ്പ് കരുതുന്നു. നഗരസഭയിൽ വോട്ട് കുറഞ്ഞാലും പഞ്ചായത്തുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയാണ് അവസാനനിമിഷത്തിലും എം.പി.ജാക്‌സണെയും യു.ഡി.എഫിനേയും നയിക്കുന്നത്. എൻ.ഡി.എ.യുടെ വലിയ പ്രതീക്ഷ കൊടുങ്ങല്ലൂർ നഗരസഭയാണ്. അതുകൊണ്ടു തന്നെ വൻ പ്രചാരണത്തിനും ഇവിടെ വഴിയൊരുങ്ങി. ജില്ലയിൽ എൻ.ഡി.എ. ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയ തദ്ദേശ സ്ഥാപനമായ ഈ നഗരസഭയുടെ ശക്തിയിൽ സന്തോഷ് ചെറാക്കുളത്തിന്റെ ജയമാണ് എൻ.ഡി.എ പ്രതീക്ഷ.


കയ്പ്പമംഗലം


ഇ.ടി. ടൈസണിന്റെ ജനകീയതയുടെ ശക്തിയിൽ നിഷ്‌പ്രയാസ ജയം കണക്കുകൂട്ടിയായിരുന്നു ഇവിടെ ഇടത് പ്രചാരണം. ആ പ്രതീക്ഷയാണ് അവസാനനിമിഷങ്ങളിലുമുള്ളത്. യു.ഡി.എഫിലെ ശോഭാ സുബിൻ കടന്നുവന്ന ജീവിതസാഹചര്യങ്ങൾ വോട്ടർമാർക്കിടയിൽ പ്രചരിപ്പിക്കാനായതോടെ, സി.പി.എമ്മിന്റെ മുതിർന്ന നേതാവിനെ തോൽപ്പിച്ച് ജില്ലാ പഞ്ചായത്തിലെത്തിയ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷ അവർക്കുണ്ട്. ബി.ഡി.ജെ.എസിലെ സി.ഡി. ശ്രീലാലാണ് എൻ.ഡി.എ.യുടെ സ്ഥാനാർത്ഥി. കയ്പ്പമംഗലത്ത് കാറ്റ് മാറിവീശുമെന്നാണ് എൻ.ഡി.എ കരുതുന്നത്. പരമാവധി വോട്ടർമാരെ നേരിൽക്കണ്ടുളള പ്രചാരണത്തിലൂടെ നിഷ്പക്ഷ വോട്ടുകൾ വിജയത്തിലേക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.


നാട്ടിക


ഇടതിന്റെ മണ്ഡലമെന്ന് വിശേഷിപ്പിക്കുന്ന നാട്ടികയിൽ മുതിർന്ന നേതാവ് സി.സി. മുകുന്ദന്റെ ജയം ഉറപ്പാണെന്നാണ് മുന്നണിയുടെ അവസാനവട്ട കണക്കുകൂട്ടൽ. പുതുമുഖം എന്നതിനപ്പുറം യുവത്വത്തിന്റെ മുഖവുമായാണ് യു.ഡി.എഫ് സുനിൽ ലാലൂരിലൂടെ കൊണ്ടുവന്നത്. സമരമുഖങ്ങളിലെ സാന്നിദ്ധ്യവുമാണ്. അതെല്ലാമാണ് അവരുടെ പ്രതീക്ഷ. നാടൻപാട്ടു പാടി വോട്ടർമാരുടെ ആവേശം കൈയിലെടുക്കുന്ന ലോചനൻ അമ്പാട്ട് എൻ.ഡി.എയുടെ ആത്മവിശ്വാസം കൂട്ടുന്നു.


മണലൂർ


നടത്തിയ വികസനങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാം തവണയും മുരളി പെരുനെല്ലി ഇടത് കൊടി പാറിക്കുമെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. എന്നാൽ യുവത്വത്തിനും മാറ്റത്തിനുമാണ് വിജയ് ഹരിയിലൂടെ യു.ഡി.എഫ് വോട്ടു ചോദിക്കുന്നത്. അതാണ് അവരുടെ പ്രതീക്ഷ. തുടക്കം മുതൽക്കേ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ എ.എൻ. രാധാകൃഷ്ണൻ, മുന്നേറ്റമുണ്ടാക്കുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ.


ചേലക്കര


തുടർച്ചയായി നാലുതവണ എം.എൽ.എ.യായ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന കെ. രാധാകൃഷ്ണന്റെ പ്രതിച്ഛായ കൊണ്ടു തന്നെ വിജയം ഉറപ്പാണെന്ന് എൽ.ഡി.എഫ് കരുതുന്നു. ഗ്രൂപ്പ് മറന്ന് നേതാക്കളും പ്രവർത്തകരും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായതോടെ സി.സി ശ്രീകുമാർ അട്ടിമറിക്കുമെന്ന് യു.ഡി.എഫ് കരുതുന്നു. ലോക്‌സഭയിലേക്കും ചേലക്കരയിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ച് പരിചയമുള്ള പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടിനെ ചേലക്കര ഇക്കുറി തുണയ്ക്കുമെന്ന് എൻ.ഡി.എയും വിശ്വസിക്കുന്നു.