തൃശൂർ: നഗരത്തിൽ കുടിവെള്ളം കലങ്ങിയതായി പരാതി ഉയർന്നതിനെ തുടർന്ന് മേയർ എം.കെ. വർഗ്ഗീസിന്റെ നേതൃത്വത്തിൽ പീച്ചി ട്രീറ്റ്‌മെന്റ് പ്ലാന്റ് സന്ദർശിച്ചു. രണ്ട് ദിവസത്തിനകം പൂർണ്ണമായും ശുദ്ധീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി എ.എക്‌സ്.ഇ. ബെന്നി ഉറപ്പു നൽകിയതായി മേയർ അറിയിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം 20 ദിവസമായി ഇറിഗേഷൻ കനാൽ തുറക്കുകയും വെള്ളത്തിന് കൂടുതൽ ആവശ്യമായ ഈ സാഹചര്യത്തിൽ ഡാമിന്റെ അടിഭാഗം കലങ്ങുകയും പുതിയ പ്ലാന്റിലേയ്ക്ക് വരുന്ന വെള്ളം മലിനമാവുകയും ചെയ്തു. വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ശ്രമങ്ങൾ പ്ലാന്റിൽ നടന്നുവരികയാണ്. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, വാട്ടർ ഹൈപവർ കമ്മിറ്റി വർക്കിംഗ് ചെയർമാൻ സി.പി. പോളി, സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പീച്ചി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സന്ദർശിച്ചത്.