flag-

തൃശൂർ: പരസ്യപ്രചരണത്തിന് ഇന്ന് കലാശക്കൊട്ടില്ലാതെ തിരശ്ശീല വീഴുമ്പോൾ, നെഞ്ചിടിപ്പോടെ ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർത്ഥികൾ. അതേസമയം, അടിയൊഴുക്കുകൾ അനുകൂലമാകാനുള്ള തന്ത്രം മെനയുകയാണ് മുന്നണി നേതൃത്വം. പരമാവധി വോട്ടർമാരെ നേരിൽക്കണ്ടും പ്രവർത്തകരെയും നേതാക്കളെയും ഒന്നിച്ച് അണിനിരത്തിയുമാണ് വോട്ടെടുപ്പിന് മുന്നോടിയായുളള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്.

നിശബ്ദ പ്രചാരണത്തിനും കൂടുതൽ അനുഭാവികളെ രംഗത്ത് ഇറക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

പ്രതികൂലമായേക്കാവുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിച്ചും ദുർബലമായ ഇടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയുമാകും ഇനിയുളള മണിക്കൂറുകൾ. ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി മുതല്‍ ദേശീയ നേതാക്കളെ വരെ ജില്ലയിലെത്തിച്ചായിരുന്നു ഇടത് പ്രചാരണം. പ്രതിയോഗി ശക്തമായ ഇടങ്ങളില്‍ കഠിനാദ്ധ്വാനം ചെയ്യുന്നുമുണ്ട്. പുതുമുഖങ്ങളെയും അതിൽ കൂടുതൽ യുവാക്കളെയും അണിനിരത്തിയതിനാൽ പ്രചാരണത്തിലും യു.ഡി.എഫിന് ആ ഊർജ്ജം നിലനിറുത്താനായി.

ഗ്രൂപ്പ് ഭേദങ്ങൾ മറന്നുള്ള പ്രവർത്തനങ്ങളും അനുകൂലമായി. ചിട്ടയായ ഏകോപനവും നാടിളക്കിയുള്ള പ്രചാരണങ്ങളുമായിരുന്നു എൻ.ഡി.എയുടെ കരുത്ത്. കേന്ദ്രമന്ത്രിമാരും ദേശീയനേതാക്കളും പ്രചാരണത്തിന് കൊഴുപ്പുകൂട്ടി. പുലർച്ചെ മുതൽ രാത്രി വരെ സ്ഥാനാർത്ഥികൾ സജീവം. പ്രഭാതസവാരിക്കാരെ വരെ കണ്ടു വോട്ട് ചോദിക്കാൻ വരെ സ്ഥാനാർത്ഥികൾ തമ്മിൽ മത്സരമാണ്.

സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികളും മറ്റും പൂർത്തിയായി കഴിഞ്ഞു.

ബൂത്ത്‌ തലത്തിൽ പ്രവർത്തകർക്ക് ഒപ്പം നേതാക്കളും വീടുകൾ കയറിയിറങ്ങി വോട്ട് തേടുന്നുമുണ്ട്. മാതൃക വോട്ടിംഗ് മെഷീൻ പരിചയപെടുത്തുന്ന പ്രവർത്തനവും സജീവമാണ്. തങ്ങളുടെ സ്ഥാനാർത്ഥികളുടെ സ്ഥാനം പറഞ്ഞു കൊടുത്ത് വോട്ട് ഉറപ്പിക്കുന്നതിലാണ് പ്രവർത്തകരുടെ ശ്രദ്ധ. സ്ഥാനാർത്ഥികളുടെ മികവ് വാഴ്ത്തിയുള്ള അഭ്യർത്ഥനകൾക്ക് പുറമെ രാഷ്ട്രീയ സാഹചര്യം പ്രതിപാദിക്കുന്ന നോട്ടീസുകളും വോട്ടർമാരിലെത്തിയിട്ടുണ്ട്. തൃശൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, പുതുക്കാട്, മണലൂർ, ഇരിങ്ങാലക്കുട, കുന്നംകുളം മണ്ഡലങ്ങളിൽ അവസാനദിവസങ്ങളിലും പൊരിഞ്ഞ പോരാട്ടമെന്ന് വ്യക്തം.

അതിരൂപത ആരെ തുണയ്ക്കും?

തൃശൂർ അതിരൂപതയുടെ നിലപാടിൽ യു.ഡി.എഫ് ക്യാമ്പുകൾക്ക് ആശ്വാസമുണ്ടെങ്കിലും, ഇടത്, ബി.ജെ.പി ക്യാമ്പുകൾക്ക് നേരിയ ആശങ്കയുമുണ്ട്. അതിരൂപത മുഖപത്രമായ പുതിയ ലക്കം കത്തോലിക്കാ സഭയിലാണ് അതിരൂപത തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കിയത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവരിൽ നിന്നും ഒന്നും ശരിയായില്ലെന്നും ശരിയായത് നേതാക്കൾക്കും ആശ്രിതർക്കും മാത്രമാണെന്നും വിമർശിക്കുന്ന മുഖലേഖനത്തിൽ പിൻവാതിൽ നിയമനവും ആഴക്കടൽ മൽസ്യബന്ധന കരാറുമുൾപ്പെടെയുള്ളവ ഉന്നയിക്കുന്നുണ്ട്. തൃശൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂർ, വടക്കാഞ്ചേരി അടക്കം ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമാകുന്ന മണ്ഡലങ്ങളിൽ ഇത് പ്രതിഫലിച്ചേക്കുമെന്നാണ് യു.ഡി.എഫ് വിശ്വസിക്കുന്നത്.

'' കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശം നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയ സാഹചര്യത്തിൽ ജില്ലയിലും കൊട്ടിക്കലാശം നിരോധിച്ചിട്ടുണ്ട്. ആൾക്കൂട്ടം അനുവദിക്കാനാവില്ലെന്നും നിയന്ത്രണം ലംഘിച്ചാൽ കേസെടുക്കുമെന്നുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിറക്കിയിരിക്കുന്നത്. ''

എസ്. ഷാനവാസ്, കളക്ടർ