paddy-filling
വെണ്ണൂരിൽ നെൽവയൽ നികത്തുന്നു

മാള: തിരഞ്ഞെടുപ്പ് കാലമായതോടെ, ചട്ടങ്ങളും നിയന്ത്രണങ്ങളും നിയമങ്ങളും നോക്കുകുത്തിയായപ്പോൾ കൊവിഡ് വ്യാപകമാകാനും നെൽവയലിന്റെ വിസ്തൃതി കുറയാനും സാദ്ധ്യത. നേതാക്കന്മാരും പാർട്ടിക്കാരും കൂട്ടമായി മാസ്‌കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങൾ കൂടിച്ചേരുന്ന പൊതുയോഗങ്ങളാണ് ചേരുന്നത്. സാധാരണക്കാർക്ക് മാസ്‌ക്കൊന്ന് മാറിക്കിടന്നാൽ ഫൈൻ അടപ്പിക്കാൻ വരെ ആളുണ്ട്. നിലം നികത്തുന്നവർക്കും ചാകരയാണ്. ആവശ്യം പോലെ നെൽവയൽ നികത്താം, ആരും ചോദിക്കാനില്ല. മണ്ണ് മാഫിയകൾക്കും ഈ അവസരം കുശാലാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നിയമങ്ങളും ചട്ടങ്ങളും നോക്കുകുത്തിയാണ്. നിലം നികത്തുന്നത് റവന്യൂ, പഞ്ചായത്ത്, പൊലീസ് അധികൃതരെ അറിയിച്ചാൽ ഉടനെ കിട്ടുന്ന മറുപടി തിരഞ്ഞെടുപ്പ് തിരക്കിലാണെന്നാണ്. ഓരോ തിരഞ്ഞെടുപ്പ് കാലത്തും ആരെയും പിണക്കാതെ കിട്ടുന്നത് വാങ്ങിയെടുക്കുകയെന്ന തന്ത്രമാണ് എല്ലാവർക്കും ഉള്ളതെന്നാണ് നാട്ടുസംസാരം. അന്നമനട പഞ്ചായത്തിലെ വെണ്ണൂർപ്പാടം ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി മണ്ണിട്ട് നികത്തിയത്.
പ്രളയം ഏറെ ബാധിച്ച പ്രദേശമാണ് വെണ്ണൂർ. എന്നാൽ അധികൃതരുടെ കൺമുന്നിലാണ് ഇത്തരം നികത്തലുകൾ നടക്കുന്നത്. ഭൂമാഫിയകളുടെ ഇത്തരത്തിലുള്ള ഇടപെടൽ അധികൃതർ കണ്ടില്ലെന്ന് നടിച്ചാൽ വരുംനാളുകളിൽ പ്രളയത്തേക്കാൾ വലിയ ദുരിതമായ വരൾച്ച നേരിടേണ്ടിവരും. നെൽവയലുകൾ നികത്തിയ മേഖലകളിലാണ് പ്രളയത്തിന്റെയും വരൾച്ചയുടെയും കൂടിയ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വന്നത്.
നിരവധി ഇടങ്ങളാണ് ഇത്തരത്തിൽ തൂർത്തിട്ടുള്ളത്. നികത്തിയ മണ്ണ് നീക്കം ചെയ്യാൻ നിയമമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാലും അത് അങ്ങനെ കിടക്കും. ഏക്കറുകൾ വിസ്തൃതിയുള്ള വെണ്ണൂർതുറ നവീകരണവും ശുദ്ധജല ലഭ്യത ഉറപ്പാക്കലും ഒരുവശത്ത് ആലോചനയിൽ ഉള്ളപ്പോൾ തന്നെയാണ് അധികൃതരുടെ നികത്തലിനോടുള്ള നിസംഗത. മാള പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും നെൽവയലുകളും തണ്ണീർത്തടങ്ങളും തകൃതിയായി നികത്തുകയാണെന്ന് പരാതിയുണ്ട്.