ചാലക്കുടി: കരുത്തു തെളിയിച്ച എൽ.ഡി.എഫ് റാലിയും യു.ഡി.എഫിന്റെ പ്രചാരണ വാഹനങ്ങൾ അണിനിരന്ന നിയോജക മണ്ഡലം സ്ഥാനാർത്ഥി പര്യടനവും ചാലക്കുടിയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കലാശ പൊലിമയേകി. എൻ.ഡി.എയുടെ വാഹനങ്ങൾ നിരത്തിയ പ്രചാരണവും ആവേശപ്പൊലിമയെ വാനോളം ഉയർത്തി. യുവജനങ്ങളടക്കം ആയിരങ്ങൾ പങ്കെടുത്ത എൽ.ഡി.എഫ് റാലിയാൽ അക്ഷരാർത്ഥത്തിൽ നഗരം സ്തംഭിച്ചു. കാവടി, നാടൻ കലാരൂപങ്ങൾ, ബാന്റ്, ചെണ്ട മേളങ്ങൾ, മുത്തുകുട, ബലൂണുകൾ എന്നിവയും സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും അടയാളപ്പെടുത്തി യൂണിഫോമുകളുമായി യുവജനങ്ങളും സമാപന റാലിയുടെ ഭാഗമായി. സ്ഥാനാർത്ഥി ഡെന്നീസ് കെ.ആന്റണി, ബി.ഡി. ദേവസി എം.എൽ.എ എന്നിവർ തുറന്ന വാഹനത്തിൽ മുൻനിരയിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തു.

......................

യു.ഡി.എഫിന്റെ ശനിയാഴ്ചയിലെ പ്രചാരണം മുഖ്യമായും പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി സനീഷ്‌കുമാർ ജോസഫും നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പനും സഞ്ചരിച്ചു. നിരവധി പ്രവർത്തകർ മറ്റു വാഹനങ്ങളിലും റാലിയായി നീങ്ങി. കൊടകര, കോടശേരി, പരിയാരം, മേലൂർ, കൊരട്ടി എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോയ വാഹന റാലി വൈകീട്ട് ചാലക്കുടി നഗരത്തിലെത്തി സമാപിച്ചു.
............................

ആവേശത്തിന്റെ അലയൊലി മുഴക്കിയായിരുന്നു എൻ.ഡി.എ സ്ഥാനാത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ വാഹന ഘോഷയാത്ര. കൊടി തോരണങ്ങളും വാദ്യമേളങ്ങളും പ്രചരണത്തിന് കൊഴുപ്പു കൂട്ടി. ബലൂണുകളും സ്ഥാനാർത്ഥിയുടെ ചിത്രവും ഉയർത്തി മുദ്രാവാക്യങ്ങളുമായി പ്രവർത്തകുരും മറ്റു വാഹനങ്ങളിൽ അകമ്പടിസേവിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച വാഹന റാലി കൊരട്ടി, മേലൂർ, പരിയാരം എന്നീ പഞ്ചായത്തുകൾ കൂടി ചാലക്കുടി നഗരത്തിൽ സമാപിച്ചു. സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി നിയോജക മണ്ഡലെ പ്രസിഡന്റ് സജീവ് പള്ളത്ത് എന്നിവർ തുറന്ന വാഹനത്തിലും സഞ്ചരിച്ചു.