കൊടുങ്ങല്ലൂർ: കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ നികുതി പിരിച്ച് കൊടുങ്ങല്ലൂർ നഗരസഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനത്തിലെ നഗരസഭകളിൽ നികുതി പിരിവിൽ ഏറ്റവും ഉയർന്ന സംഖ്യയാണ് കൊടുങ്ങല്ലൂർ നഗരസഭ പിരിച്ചെടുത്തത്. വാർഡ് തലത്തിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് നികുതി പിരിവ് ഊർജ്ജിതമാക്കിയത്. പദ്ധതിചെലവിലും മുന്നേറ്റം നടത്തുവാൻ നഗരസഭയ്ക്ക് കഴിഞ്ഞു. 98.74 ശതമാനമാണ് കഴിഞ്ഞ വർഷത്തെ പദ്ധതിച്ചെലവ്. നികുതി പിരിവിലും പദ്ധതിച്ചെലവിലും മികച്ച പ്രകടനം നടത്തി യ ജീവനക്കാരെ നഗരസഭ ചെയർപേഴ്സൺ എം.യു. ഷിനിജയും വൈസ് ചെയർമാൻ കെ.ആർ. ജൈത്രനും മധുരം നൽകി അഭിനന്ദിച്ചു.
201 പേർക്ക് കൊവിഡ്
തൃശൂർ: 201 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 163 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1586 ആണ്. തൃശൂർ സ്വദേശികളായ 44 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ആറ് പേർക്കും, ഉറവിടം അറിയാത്ത രണ്ട് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരിൽ 60 വയസിന് മുകളിൽ 15 പുരുഷന്മാരും എട്ട് സ്ത്രീകളും പത്ത് വയസിന് താഴെ മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ട്. 183 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 45 പേർ ആശുപത്രിയിലും 138 പേർ വീടുകളിലുമാണ്. 4,073 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്.