കുന്നംകുളം: ശബരിമല ഭക്തർ എൽ.ഡി.എഫിന് വോട്ട് ചെയ്യില്ലെന്ന് ശപഥമെടുക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ.
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ.കെ. അനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുന്നംകുളത്ത് റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ശബരിമലയിൽ ഭക്തജനങ്ങളെ മർദ്ദിക്കാൻ പൊലീസിന് ഉത്തരവ് നൽകിയ കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടുന്ന എൽ.ഡി.എഫിന് ജനം രാഷ്ട്രീയ മറുപടി നൽകും. ശബരിമലയിൽ ഭക്തരെ ലാത്തികൊണ്ട് അടിച്ച കടകംപള്ളിക്ക് ഇപ്പോൾ അത് തെറ്റാണെന്ന് തോന്നുന്നു. പക്ഷേ കാര്യമില്ല. ഏഴ് ജന്മം അതിന്റെ ശാപം ഉണ്ടാകും.
സദ്ഭരണം നടക്കണമെങ്കിൽ ബി.ജെ.പി അധികാരത്തിലെത്തണം.
സ്വർണക്കള്ളക്കടത്ത് ഏജന്റുമാരുടെയും മയക്കുമരുന്ന് ഏജന്റുമാരുടെയും കൂത്തരങ്ങാക്കി കേരളത്തെ മാറ്റിയ ഇടതുമുന്നണിയെ ഉന്മൂലനംചെയ്യാൻ ബി.ജെ.പിക്കേ കഴിയൂ. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കള്ളന്മാരെയും കൊള്ളക്കാരെയും സ്വർണ കള്ളക്കടത്തുകാരെയും പേടിക്കേണ്ട കാര്യം ബി.ജെ.പിക്കില്ല. തമിഴിലായിരുന്നു പ്രസംഗം.
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ.കെ. അനീഷ് കുമാർ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, മുൻ പ്രസിഡന്റ് കെ.എസ്. രാജേഷ്, അനീഷ് മാസ്റ്റർ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.