പാവറട്ടി: മണലൂർ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയ് ഹരിയുടെ 'മോണിംഗ് വാക്ക് ' തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ശനിയാഴ്ച എളവള്ളി പഞ്ചായത്തിലായിരുന്നു പ്രഭാതസവാരി. നൂറു കണക്കിന് വോട്ടർമാരാണ് ഓരോ ദിവസവും സ്ഥാനാർത്ഥിക്കൊപ്പം മോണിംഗ് വോക്കിൽ പങ്കെടുക്കുന്നത്. എളവള്ളി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ഥാനാർത്ഥി വിജയ് ഹരി ശനിയാഴ്ച രാവിലെ 6.30 മുതൽ 7.30 വരെ പ്രഭാത സവാരി സംഘടിപ്പിച്ചത്. ഉല്ലാസ് നഗറിൽ നിന്നും ആരംഭിച്ച പ്രഭാതസവാരി എളവള്ളി പാറ, മമ്മായി, പണ്ടാറക്കാട് കൂടി താമരപ്പിള്ളിയിൽ സമാപിച്ചു. ഇരുനൂറോളം യു.ഡി.എഫ് പ്രവർത്തകരാണ് സവാരിയിൽ പങ്കെടുത്തത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ മാസ്റ്റർ, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ സി.ജെ. സ്റ്റാൻലി, കൺവീനർ എ.എച്ച്. കബീർ എന്നിവർ നേതൃത്വം നൽകി.