കൊടുങ്ങല്ലൂർ: കിണറ്റിൽ ഇറങ്ങുന്നതിനിടെ റോപ്പ് പൊട്ടി വീണ മദ്ധ്യവയസ്കനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. പുല്ലൂറ്റ് പാറൻതുരുത്തിൽ രാമചന്ദ്രനെയാണ് (55) അഗ്നിരക്ഷാ സേനയെത്തി കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്. കിണറ്റിൽ അവശനായി കിടന്ന ഇയാളെ പ്ലാസ്റ്റിക് വലയിൽ കയറ്റി പുറത്തെടുക്കുകയായിരുന്നു.
40 അടി താഴ്ചയുള്ള കിണറ്റിൽ വീണ ഇയാളുടെ ഇടതു കാൽപാദത്തിലെ എല്ല് പുറത്തുചാടി തൂങ്ങിയ നിലയിലായിരുന്നു. ഉടനെ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. നായ്ക്കുളം ജംഗ്ഷന് വടക്ക് വശം ഇല്ലത്ത് പറമ്പിൽ പ്രജീഷിൻ്റെ കിണർ വൃത്തിയാക്കാനിറങ്ങിയതായിരുന്നു രാമചന്ദ്രൻ. മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞ ശേഷം കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ കയർ പൊട്ടിയായിരുന്നു അപകടം.
സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് എം.എൻ സുധൻ നേതൃത്വം നൽകി. സേനാംഗങ്ങളായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.ടി പ്രദീപ്, പി.എസ് ശ്രീജിത്ത്, കെ.വി അനിൽകുമാർ, അമൽജിത്ത്, കെ. സുധീർ, സഞ്ജു എസ്. പ്രിൻസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ രഞ്ജിത്ത് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.