വടക്കാഞ്ചേരി: തിരഞ്ഞെടുപ്പ് അടുത്തതോടെ കെ. രാധാകൃഷ്ണന്റെ തോന്നൂർക്കരയിലെ വീട്ടിൽ ആകെ തിക്കും തിരക്കുമാണ്. ഈ തിരക്കിനിടയിൽ രാധാകൃഷ്ണന്റെയും, വീട്ടിലെത്തുന്നവരുടേയും ഒപ്പം നിന്നു പ്രവർത്തിക്കുകയാണ് അമ്മ ചിന്ന. ഏതൊരു പുരുഷന്റെയും ഉയർച്ചയ്ക്ക് മുന്നിൽ ഒരു സ്ത്രീയുടെ പങ്കുണ്ടാകും. ഇവിടെ ആ പങ്ക് ഈ അമ്മയുടേതാണ്. ചേലക്കരയിൽ നിന്നാണ് രാധാകൃഷ്ണൻ ഇക്കുറിയും ജനവിധി നേരിടുന്നത്. 1996 ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ മുതൽ തിരഞ്ഞെടുപ്പിന്റെ ചൂടും, വാശിയുമെല്ലാം ചിന്നക്കറിയാം. ഇത് നാലാം തവണയാണ് മത്സരം. കന്നിയങ്കത്തിൽ ജയിച്ച രാധാകൃഷ്ണൻ മന്ത്രിയായി വീട്ടിലെത്തിയപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കാനാണ് ഈ അമ്മ പറഞ്ഞത്. പിന്നീട് എം.എൽ.എയും, സ്പീക്കറുമൊക്കെയായപ്പോഴും എല്ലാം ജനങ്ങൾക്കായി സമർപ്പിക്കാൻ ഈ അമ്മ മകനെ ഓർമ്മിപ്പിച്ചു. പിതാവില്ലാത്ത ദു:ഖം മകനെ അറിയിക്കാതെ വളർത്തി വലുതാക്കിയ അമ്മ ചിന്ന ഇന്നും മകനെ ചേർത്തുപിടിക്കുന്നു. ഇടുക്കിയിലെ പുള്ളിക്കാനത്തു നിന്നും പിതാവ് കൊച്ചുണ്ണിയുടെ മരണശേഷമാണ് ചിന്ന രാധാകൃഷ്ണനെയും കൊണ്ട് ചേലക്കരയിലെത്തിയത്. നാലു പെൺമക്കളെ പോറ്റി വലുതാക്കി. ചെറുപ്പം മുതലേ രാധാകൃഷ്ണനെ പാടത്തും, പറമ്പിലും പണിയെടുക്കാനായി കൂടെക്കൂട്ടി. രാധാകൃഷ്ണന്റെ നിഴലായി പ്രായത്തെ മറന്ന് പ്രവർത്തിക്കുകയാണ് ചിന്ന. മന്ത്രിയും, സ്പീക്കറുമൊക്കെയായിരിക്കെ തിരുവനന്തപുരത്ത് താമസിക്കാൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടപ്പോഴും ചേലക്കരയിലെ വീട്ടിലുള്ളിൽ ഒതുങ്ങി കഴിഞ്ഞു ചിന്ന.