തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പൊലീസ് കർശന സുരക്ഷയൊരുക്കിയതായി ജില്ലാ പൊലീസ് മേധാവി വാർത്താക്കുറിപ്പിൽ അറിയിച്ചു. തൃശൂർ റൂറൽ പൊലീസ് ജില്ലയിൽ ആകെ 1,877 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ഇതിൽ 744 ബൂത്തുകൾ ഓക്‌സിലറികളായും 115 ബൂത്തുകൾ സെൻസിറ്റീവ് കാറ്റഗറിയിലും, 17 ബൂത്തുകൾ ക്രിറ്റിക്കൽ കാറ്റഗറിയിലുമാണ്. കൂടാതെ റൂറൽ പൊലീസ് ജില്ലയിലെ 9 പ്രദേശങ്ങളെ അതീവ സുരക്ഷാമേഖലയിലും കണക്കാക്കുന്നു.
സുരക്ഷയുടെ ഭാഗമായി 6 ഡിവൈ.എസ്.പി, 25 ഇൻസ്‌പെക്ടർ, 149 സബ് ഇൻസ്‌പെക്ടർ/അസി.സബ് ഇൻസ്‌പെക്ടർ, 1509 സീനിയർ സിവിൽ പൊലീസ് ഓഫീസർ/ സിവിൽ പൊലീസ് ഓഫീസർ, 288 സെൻട്രൽ ആംമ്ഡ് ഫോഴ്‌സ്, 1145 സ്‌പെഷ്യൽ പൊലീസ് ഓഫീസേഴ്‌സ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്. തൃശൂർ റൂറൽ പൊലീസ് ജില്ലയിൽ നിലവിലുള്ള പൊലീസ് സേനാംഗങ്ങൾക്കും ഹോം ഗാർഡുകൾക്കും പുറമെ കൊച്ചി സിറ്റി, കേരള പൊലീസ് അക്കാഡമി, കെ.എ.പി 1, 2, 3, ക്രൈംബ്രാഞ്ച്, വിജിലൻസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയർ ഫോഴ്‌സ്, മോട്ടോർ വെഹിക്കിൾ എന്നീ ഡിപ്പാർട്ട്‌മെന്റുകളിലെ ജിവനക്കാരും കോസ്റ്റൽ വാർഡന്മാരും ഡ്യൂട്ടിയിലുണ്ട്. ഇലക്ഷൻ പ്രഖ്യാപനത്തിന് ശേഷം തൃശൂർ റൂറൽ പൊലീസ് ജില്ലയിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവ് ഓപറേഷനുകളിൽ മതിയായ രേഖകളില്ലാതെ കണ്ടെത്തിയ 11,69,900 രൂപയും, 7.92 കിലോ കഞ്ചാവ്, 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 1.5 ലിറ്റർ ചാരായം, 16.029 ഗ്രാം ഹാഷിഷ് ഓയിൽ, 76 ഗ്രാം എം.ഡി.എം.എ, 0.0199 ഗ്രാം എൽ.എസ്.ഡി, 1125 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. കൂടാതെ 86 പിടികിട്ടാപുള്ളികളെ അറസ്റ്റ് ചെയ്തിട്ടുള്ളതും ഇലക്ഷനോടനുബന്ധിച്ച് മുൻകരുതൽ എന്ന നിലയിൽ 132 പേർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുമുണ്ടെന്ന് ജില്ലാ പൊലീസ് അറിയിച്ചു. വിവരങ്ങൾ അറിയിക്കാം. ഫോൺ: 9497918738 , 04872 363604..
14,076 വോട്ടിംഗ് യന്ത്രങ്ങൾ
തൃശൂർ: എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള 14,076 വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കും. 4562 ബാലറ്റ് യൂണിറ്റ്, 4562 കണ്ട്രോള് യൂണിറ്റ്, 5212 വിവി പാറ്റ് എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി 26,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
സെക്ടര്‍ തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന് സെക്ടര്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് സെക്ടര്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ച് തിരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാക്കുന്നതിനായി ഓരോ ബൂത്തിലും 1000 വോട്ടര്‍മാരില്‍ അധികരിക്കാതെയുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബൂത്തുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ ബൂത്തിലേക്കും കൊവിഡ് പ്രോട്ടോകോള്‍ ഓഫീസറെ നിയമിക്കും. ബൂത്തുകളിലേക്ക് ആവശ്യമായ മാസ്കുകളും ഗ്ലൗസുകളുമെത്തിക്കും. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീരതാപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ മൂന്ന് തവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും.
മൂന്ന് തവണയും കൂടുതലാണെങ്കില്‍ കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുമുള്ളവര്‍ക്കുള്ള വോട്ടിംഗ് സമയത്ത് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. ഇതിനായി ടോക്കണ്‍ നല്‍കും. ജില്ലയില്‍ എം ത്രീ സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്.