കുന്നംകുളം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ജയശങ്കറിന്റെ വീടിന് നേരെ കല്ലേറും വീടിന് മുന്നിൽ റീത്ത് സമർപ്പണവും നടത്തി. കഴിഞ്ഞ ദിവസം യു.ഡി.എഫ് റോഡ് ഷോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇന്നലെ പുലർച്ചെ ആക്രമണം നടന്നത്. കാട്ടകാമ്പാലിലുള്ള ജയശങ്കറിന്റെ വീടിന്റെ മുൻവശത്തു നിന്നും പിറകു വശത്ത് നിന്നും കല്ലേറുണ്ടായി.
അടുക്കളയുടെയും, മുൻഭാഗത്തെ ജനലുകളുടെയും ചില്ല് തകർന്നു. കാറിനും കേടുപാടുണ്ട്. പുലർച്ചെ നാലോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ അടുത്ത് താമസിക്കുന്ന സഹോദരനെ ഫോണിൽ വിളിച്ചു. ഇവർ എഴുന്നേറ്റ് ലൈറ്റ് ഇട്ടതോടെ ആക്രമികൾ ഓടി രക്ഷപെട്ടു. സ്ഥലത്ത് പൊലീസെത്തി തെളിവെടുപ്പ് നടത്തി. ഈ സമയം ജയശങ്കർ സ്ഥലത്തുണ്ടായിരുന്നില്ല. കഴിഞ്ഞ രാത്രിയിൽ കാട്ടാകാമ്പാലിൽ ചിറയ്ക്കലിൽ യു.ഡി.എഫ് പ്രകടനത്തിന് നേരെ കല്ലേറുണ്ടായിരുന്നു.
കല്ലേറിൽ പത്തോളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ് മണികണ്ഠൻ ആരോപിച്ചു. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ആർ. ആദിത്യ, എ.സി.പി അനീഷ് വി. കോര തുടങ്ങി വൻ പൊലീസ് സംഘം സ്ഥലത്തെത്തി.