kottikalasam

തൃശൂർ: പൂരാവേശം നിലനിറുത്തി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇത്തവണ കൊട്ടില്ലാതെ കലാശം. റോഡ് ഷോ നടത്തിയാണ് വിവിധയിടങ്ങളിൽ സ്ഥാനാർത്ഥികൾ പ്രചാരണം അവസാനിപ്പിച്ചത്. ബൈക്ക് റാലിയും കലാശക്കൊട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയതിനാൽ വാഹനത്തിലിരുന്ന് പരസ്യ പ്രചാരണം അവസാനിപ്പിക്കുന്ന രീതിയാണുണ്ടായത്.

അവസാനവട്ട അടിയൊഴുക്കും തങ്ങൾക്കനുകൂലമാക്കാനുളള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. മുക്കിലും മൂലകളിലും ഓടിയെത്തി വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലായിരുന്നു സ്ഥാനാർത്ഥികളും മുന്നണികളും. ഈസ്റ്റർ ദിനമായ ഇന്നലെ അവസാന ഘട്ടത്തിൽ വീടുകളെല്ലാം കയറിയിറങ്ങി വോട്ടുറപ്പിക്കുന്ന പ്രവർത്തനങ്ങളിലായിരുന്നു തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ. അശ്വനി ജംഗ്ഷനിലുള്ള കോവിലകത്തുംപാടം, പറവട്ടാനി, വിയ്യൂർ വെറ്റ് ഫീൽഡ് കോളനി, കൊക്കാലെ, അയ്യന്തോൾ എന്നിവിടങ്ങളിലായിരുന്നു പര്യടനം നടത്തിയത്.

തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിലിനെ സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു. വൈകീട്ട് അഞ്ചിനായിരുന്നു റോഡ് ഷോ. പോസ്റ്റ് ഓഫീസ് റോഡിൽ നിന്ന് ആരംഭിച്ച റോഡ് ഷോ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വഴി പൂത്തോൾ, പടിഞ്ഞാറെക്കോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കൽ, അശ്വിനി ജംഗ്ഷൻ, പെൻഷൻമൂല, കിഴക്കേകോട്ട, ശക്തൻ നഗർ, പട്ടാളം റോഡ്, എം.ഒ റോഡ് വഴി കോർപറേഷന് മുമ്പിലെത്തി സമാപിച്ചു.

തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കേരളത്തിന്റെ തനതു കലാരൂപങ്ങളായ തെയ്യവും കുമ്മാട്ടിയും വാഹനത്തിനൊപ്പമുണ്ടായിരുന്നു. ഡോൾ കലാകാരന്മാർ ഒരുക്കിയ സംഗീതവിരുന്നും യു.ഡി.എഫ് പ്രചാരണഗാനവും മാറ്റൊലി ഉയർത്തി. വൈകീട്ട് നാലിന് ജൂബിലി മിഷൻ മെഡിക്കൽ കോളേജിന് മുന്നിൽ റാലി ആരംഭിച്ചു. ചേലക്കോട്ടുകര, കൂർക്കഞ്ചേരി, ലാലൂർ, അയ്യന്തോൾ തുടങ്ങിയ ഇടങ്ങളിൽ പ്രചാരണം നടത്തി പടിഞ്ഞാറെക്കോട്ട ജംഗ്ഷനിൽ കെ. കരുണാകരന്റെ സ്മാരകത്തിനു മുന്നിലെത്തി പരസ്യപ്രചാരണം അവസാനിച്ചു.
കിഴക്കുംപാട്ടുകരയിൽ നിന്നും ആരംഭിച്ച തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ റോഡ് ഷോ കോട്ടപ്പുറം വഴി തൃശൂരിലെത്തിയാണ് പരസ്യപ്രചരണം അവസാനിപ്പിച്ചത്. കീരൻകുളങ്ങര, ചെമ്പൂക്കാവ്, മ്യൂസിയം ക്രോസ്‌ലൈൻ, ഗാന്ധിനഗർ, ചേറൂർ, മണ്ണുംകാട്, കുറ്റുമുക്ക്, വില്ലടം, നെല്ലിക്കാട്, രാമവർമ്മപുരം, എവന്നൂർ, പാണ്ടിക്കാവ്, വിയ്യൂർ, പെരിങ്ങാവ്, പാട്ടുരായ്ക്കൽ, പുതൂർക്കര, ഒളരി, പുല്ലഴി, ചേറ്റുപുഴ, കാര്യാട്ടുകര, എൽത്തുരുത്ത്, ലാലൂർ, അരണാട്ടുകര, പൂത്തോൾ, കാനാട്ടുകര എന്നിവിടങ്ങളിലൂടെ റോഡ് ഷോ കടന്നുപോയി.