ചേലക്കര: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പരസ്യപ്രചാരണത്തിന് തിരശ്ശീല വീണു. പരമാവധി സമയം കണ്ടെത്തി സ്ഥാനാർത്ഥികൾ തുറന്ന വാഹനങ്ങളിൽ പര്യടനം നടത്തി മണ്ഡലത്തിന്റെ മുക്കും മൂലയിലും വരെയെത്തി വോട്ടർമാരെ സ്ഥാനാർത്ഥികൾ സമീപിച്ചു. വാശിയേറിയ പ്രചരണമാണ് ഇത്തവണ ചേലക്കരയിൽ ഓരോ മുന്നണിയും കാഴ്ചവച്ചത്.
പ്രചാരണം സമാപിക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം എന്ന നിലയിലേക്ക് മത്സരം മാറിക്കഴിഞ്ഞു. നിരോധിച്ചെങ്കിലും കലാശക്കൊട്ടിന്റെ പ്രതീതിയിലായിരുന്നു ഇന്നലെ വൈകിട്ട് ചേലക്കര ടൗണിൽ എല്ലാ മുന്നണികളുടെയും സ്ഥാനാർത്ഥികളും പ്രചാരണത്തിനെത്തിയത്. കഴിഞ്ഞ അഞ്ച് തവണ എൽ.ഡി.എഫ് വിജയക്കൊടി നാട്ടിയ മണ്ഡലത്തിൽ ഇക്കുറി മത്സരം കടുപ്പുമാകുമെന്നാണ് വിലയിരുത്തൽ.
സുപരിചിതനും, മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന പരിചയം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന് തുണയാകുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇടതു മുന്നണി പ്രതീക്ഷിക്കുന്നില്ല. ഭൂരിപക്ഷം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് തങ്ങളുടേതെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും ആശങ്കയുണ്ട്. യു.ഡി.എഫ് നേതൃത്വവും ഇക്കുറി പതിവിൽ കവിഞ്ഞ ആത്മവിശ്വാസം വച്ചു പുലർത്തുന്നുണ്ട്. കാൽ നൂറ്റാണ്ടോളം എൽ.ഡി.എഫ് വിജയിക്കുന്ന മണ്ഡലമാണെങ്കിലും വികസന കാര്യത്തിൽ ഏറെ പിറകിലാണെന്ന് അവർ കുറ്റപ്പെടുത്തുന്നു.
സ്വാഭാവിക മാറ്റങ്ങളല്ലാതെ എടുത്തു പറയാവുന്ന ഒരു നേട്ടവും മണ്ഡലത്തിലുണ്ടായിട്ടില്ലെന്ന് യു.ഡി.എഫ് പറയുന്നു. സി.സി. ശ്രീകുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറപ്പാണന്നും അവർ വാദിക്കുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ വിവരിച്ച് മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകൾ നിരത്തി മത്സര രംഗത്തുള്ള എൻ.ഡി.എ സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാടും വോട്ടിംഗ് ശതമാനം കൂടുമെന്ന് മാത്രമല്ല വിജയം ഉറപ്പാണ് അവകാശപ്പെടുന്നുണ്ട്.