ഇരിങ്ങാലക്കുട : മുന്നണികളുടെ റോഡ് ഷോയോടെ നിയമസഭാ തിരഞ്ഞെടുപ്പിലെ ശബ്ദ പ്രചാരണത്തിന് സമാപനമായി. കൊട്ടിക്കലാശം നിരോധിച്ചതോടെയാണ് മുന്നണികൾ നിയന്ത്രണത്തോടെ റോഡ് ഷോ സംഘടിപ്പിച്ച് ശബ്ദ പ്രചരണത്തിന് സമാപനം കുറിച്ചത്. റോഡ് ഷോ നടന്ന നഗരത്തിൽ ഇരിങ്ങാലക്കുട സി.ഐ അനീഷ് കരീമിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. മൂന്നു മുന്നണികളുടെയും റോഡ് ഷോ വ്യത്യസ്ത സ്ഥലങ്ങളിലാണ് സമാപിച്ചത്. പൂതംകുളം മൈതാനിയിൽ നിന്നും ആരംഭിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് നഗരം ചുറ്റി ശ്രീ കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് സമാപിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.ആർ. ബിന്ദുവിന്റെ റോഡ് ഷോ ബിഷപ്പ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച് ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് പര്യടനം നടത്തിയിരുന്ന എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.ജേക്കബ്ബ് തോമസ് ശബ്ദ പ്രചരണം സമാപിക്കുന്ന സമയത്ത് ബസ്സ് സ്റ്റാൻഡ് പരിസരത്തേക്ക് എത്തിച്ചേരുകയായിരുന്നു.
പണ്ടാരച്ചിറ കോളനിയിൽ സുനിൽ ലാലൂർ
ചേർപ്പ് : നാട്ടിക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ ഇന്നലെ ചേർപ്പ് പഞ്ചായത്ത് പണ്ടാരച്ചിറ കോളനി സന്ദർശിച്ചു. യു.ഡി.എഫ് പ്രവർത്തകരായ കെ.കെ. അശോകൻ, കെ.ആർ. പിയൂസ്, ജെൻസൻ ജോർജ്, പഞ്ചായത്ത് അംഗം അൽഫോൺസ, സുരേഷ് കള്ളിയത്ത്, പി.എച്ച് ഉമ്മർ, കെ. രാമചന്ദ്രൻ, വി.കെ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
കോളനികളിൽ സി.സി മുകുന്ദൻ
ചാഴൂർ: നാട്ടിക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.സി മുകുന്ദൻ കോളനികളിലെത്തി വോട്ടഭ്യർത്ഥിച്ചു. ചാഴൂർ പഞ്ചായത്തിലായിരുന്നു ആദ്യപര്യടനം. വെണ്ണിറായ് കോളനി, പുള്ള് എസ്.സി കോളനി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കാവുംപറമ്പ് , പെരുമ്പിടിക്കുന്ന് എന്നിവിടങ്ങളിലെ നിരവധി വീടുകളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. നേതാക്കളായ കെ.വി ഇന്ദുലാൽ, കെ.വി ഷാജിലാൽ എന്നിവരും കൂടെയുണ്ടായിരുന്നു.
അവിണിശ്ശേരിയിലെ ഖാദി കേന്ദ്രം സന്ദർശിച്ച മുകുന്ദനെ തൊഴിലാളികൾ സ്വീകരിച്ചു. കെ.പി പ്രസാദ്, ഇ.എസ് പ്രദീഷ്, കെ.കെ മധു, സ്മിത വിജയൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിലെത്തിയ സ്ഥാനാർത്ഥി വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.
വിജയ പ്രതീക്ഷയിൽ എൻ.ഡി.എ
കൊടുങ്ങല്ലൂർ : പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലായിരുന്നു കൊടുങ്ങല്ലൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം. പടാകുളം ഉഴവത്ത് അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമായിരുന്നു സ്ഥാനാർത്ഥിയുടെ പ്രചാരണപരിപാടികൾ ആരംഭിച്ചത്.
ബി.ജെ.പിയുടെ മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായിരുന്ന അന്തരിച്ച നാരായണ അയ്യരുടെ (ബോർണിയോ സ്വാമി ) വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. തുടർന്ന് ശൃംഗപുരം, പടാകുളം മേഖലകളിലെ ഭവനങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഊക്കൻ നഗർ കുടുംബി കോളനി, പുല്ലൂറ്റ് നാരായണമംഗലം മേഖലയിലെ വീടുകളിലും സന്തോഷ് ചെറാക്കുളം സന്ദർശനം നടത്തി.
ഉച്ചയ്ക്ക് ശേഷം മാള പുത്തൻചിറ മേഖലകളിലായിരുന്നു പ്രചാരണം. പുത്തൻചിറയിലെ പറയൻകുന്ന് കോളനിയിലും ആനാപ്പുഴ ഫിഷർമാൻ കോളനിയിലും സന്ദർശനം നടത്തി. വൈകീട്ട് ഗുരുതിപ്പാല , മേത്തല എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളോടെ പ്രചാരണ പരിപാടികൾ അവസാനിച്ചു. കഴിഞ്ഞ തവണ നഷ്ടമായ സീറ്റ് തിരിച്ചു പിടിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് എൻ.ഡി.എ. കൊടുങ്ങല്ലൂരിന്റെ കിഴക്കുപടിഞ്ഞാറൻ മേഖലകളിലെ കുടിവെള്ള ക്ഷാമവും അവികസിതമായ ഗ്രാമീണ മേഖലയും കൊടുങ്ങല്ലൂരിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നു തന്നെയാണ് എൻ.ഡി.എ സഖ്യം വിശ്വസിക്കുന്നത്.
യു.ഡി.എഫ് കുടുംബയോഗം
ഏങ്ങണ്ടിയൂർ: ശ്രീനാരായണ സ്കൂൾ മേഖലയിൽ ചേർന്ന കുടുംബ യോഗം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ മനോജ് തച്ചപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, ഇർഷാദ് കെ. ചേറ്റുവ , സി.എ ഗോപാലകൃഷ്ണൻ, അക്ബർ ചേറ്റുവ, പ്രൈസൻ മാസ്റ്റർ, വി.എസ് സുബൈർ, പ്രീത സജീവ്, പി.എം റാഫി എന്നിവർ പ്രസംഗിച്ചു.
കൊട്ടി തന്നെ കലാശിച്ചു
മാള: ഔദ്യോഗികമായല്ലെങ്കിലും കൊടുങ്ങല്ലൂർ മണ്ഡത്തിൻ്റെ വിവിധ മേഖലകളിൽ കൊട്ടി തന്നെ കലാശിച്ചു. ഒരുമിച്ചെത്തി കൊട്ടിക്കലാശം ഉണ്ടായില്ലെങ്കിലും രണ്ട് ദിവസമായി സമാനമായ ആവേശത്തോടെയാണ് പര്യടനങ്ങളും റോഡ് ഷോകളും നടന്നത്.
മൂന്ന് മുന്നണികളും കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. നൂറുകണക്കിന് പ്രവർത്തകർ കൊവിഡ് നിയന്ത്രണങ്ങളെല്ലാം അവഗണിച്ചാണ് റോഡ് ഷോയിലും കൊട്ടിക്കലാശിക്കലിലും പങ്കെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയന്ത്രണങ്ങളെല്ലാം പൊട്ടിച്ചെറിഞ്ഞാണ് പ്രചാരണം കലാശിച്ചത്.
കാൽനട ജാഥ നടത്തി
പെരിങ്ങോട്ടുകര : നാട്ടിക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ അന്തിക്കാട്, ചാഴൂർ, താന്ന്യം പഞ്ചായത്തുകളിൽ കാൽനട ജാഥ നടത്തി. സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. പിണറായി വിജയനിൽ കേന്ദ്രീകൃതമായ പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യം നഷ്ടപ്പെട്ടതായി ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. യു.ഡി.എഫ് നാട്ടിക നിയോജകമണ്ഡലം ചെയർമാൻ സി.ഒ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എം. കെ അബ്ദുൾ സലാം, അനിൽപുളിക്കൽ, കെ. ദിലീപ് കുമാർ, സി. കെ അഷറഫലി, എൻ. എസ് അയൂബ്, കെ. കെ അശോകൻ, വി. കെ സുശീലൻ, വി. കെ മോഹനൻപ്രസംഗിച്ചു.
അവസാനഘട്ട ആവേശത്തിൽ എൻ.ഡി.എ
കാഞ്ഞാണി : ശബ്ദ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെ എൻ.ഡി.എ സ്ഥാനാർത്ഥി എ. എൻ രാധാകൃഷ്ണൻ മണലൂർ പഞ്ചായത്തിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. മണലൂർ, കമ്പനിപ്പടി, മണലൂർ കടവ്, പാന്തോട്, കാഞ്ഞാണി തുടങ്ങിയ പ്രദേശങ്ങളിൽ ഗൃഹസമ്പർക്കം നടത്തി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.
മണലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മിച്ചഭൂമി കോളനിയിൽ താമസിക്കുന്ന അറയ്ക്കപ്പറമ്പിൽ വാസു 2018ലെ പ്രളയത്തിൽ പൂർണ്ണമായും മുങ്ങിയ തന്റെ വീടിന് അറ്റകുറ്റപ്പണി നടത്താൻ വേണ്ട സഹായം സർക്കാരിൽ നിന്ന് ഇതു വരെ ലഭിച്ചില്ലെന്നും പറഞ്ഞു.
നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ചയും മണ്ഡലത്തിലെ വിവിധ മേഖലകളിൽ മൗന പ്രചാരണം നടത്തുമെന്ന് മണലൂർ എൻ.ഡി.എ നിയോജക മണ്ഡലം ഭാരവാഹികൾ പറഞ്ഞു.
മുറ്റിച്ചൂർ സമരവീഥിയിൽ സി.സി മുകന്ദൻ
അന്തിക്കാട്: സമരവീഥി റോഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.സി മുകുന്ദന് ഊഷ്മള സ്വീകരണം. പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കേയാണ് അന്തിക്കാട് പഞ്ചായത്തിലെ 13-ാം വാർഡിലെ മുറ്റിച്ചൂർ സമരവീഥി റോഡിൽ സി. സി മുകുന്ദൻ എന്ന സമരനായകനെത്തിയത്. 20 വർഷം മുമ്പാണ് 100 ഓളം കുടുംബങ്ങൾ റോഡിനായുള്ള സമരം നടത്തുന്നത്.
ഇവരുടെ ആവശ്യം ന്യായമാണെന്ന് മനസിലാക്കിയാണ് മണലൂർ മണ്ഡലം പാർട്ടി സെക്രട്ടറിയായിരുന്ന സി.സി മുകുന്ദൻ വിഷയത്തിൽ ഇടപെടുന്നത്. അന്ന് യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. അവർ റോഡ് വരുന്നതിന് എതിരായിരുന്നു. കുട്ടികൾ മുതൽ വയോവൃദ്ധരെ വരെ അണിനിരത്തി പഞ്ചായത്തിലേക്കുള്ള സമരത്തിന് നേതൃത്വം നൽകിയത് മുകുന്ദനായിരുന്നു. ഇന്ന് അരക്കിലോമീറ്റർ നീളമുള്ള പൂർണ്ണമായും ടാർ ചെയ്ത റോഡായി മാറി.
ഗീതാഗോപി എം.എൽ.എയും സി.എൻ ജയദേവൻ എം.പിയും റോഡിൻ്റെ വികസനത്തിന് ഫണ്ട് തന്നതോടെ ഗതാഗതം പൂർണ്ണമായി സാദ്ധ്യമാകുന്ന റോഡായി മാറി. കിഷോർ പള്ളിയാറ, ജലീൽ എടയാടി, അഷറഫ് തൊപ്പിയിൽ, സി.കെ ദിവ്യാനന്ദൻ, ഉസ്മാൻ പണിക്കവീട്ടിൽ എന്നിവരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നേതൃത്വം നൽകിയത്. എൽ.ഡി.എഫ് നേതാക്കളായ സി. കെ കൃഷ്ണകുമാർ, വി. കെ പ്രദീപ്, ഷീല വിജയകുമാർ, എം. സ്വർണ്ണലത എന്നിവരും ഉണ്ടായിരുന്നു.