ഇരിങ്ങാലക്കുട : നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. തോമസ് ഉണ്ണിയാടൻ ഈസ്റ്റർ ദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തായിരുന്നു പര്യടനം.
എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ജേക്കബ്ബ് തോമസ് കാറളം പഞ്ചായത്തിലും, ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തുമായിരുന്നു പര്യടനം നടത്തിയത്.
പര്യടനത്തിന്റെ ഇടവേളയിൽ പൊറത്തിശ്ശേരി അഭയ ഭവനത്തിലെത്തി ഈസ്റ്റർ ആഘോഷത്തിലും പങ്കെടുത്തു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.ആർ. ബിന്ദു പടിയൂർ, ആളൂർ, ഇരിങ്ങാലക്കുട ടൗൺ എന്നി പ്രദേശങ്ങളിലായിരുന്നു ഈസ്റ്റർ ദിനത്തിൽ പര്യടനം നടത്തിയത്.
മുഴുനീള റോഡ് ഷോ നടത്തി ഉണ്ണിയാടൻ
ഇരിങ്ങാലക്കുട : പരസ്യ പ്രചാരണങ്ങൾക്ക് സമാപനം കുറിച്ച് നിയോജക മണ്ഡലം മുഴുവൻ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ. ഇരിങ്ങാലക്കുടയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ പൊറത്തിശേരി, കാറളം, കാട്ടൂർ, പടിയൂർ, പൂമംഗലം, വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലൂടെ വന്ന് പൂതംകുളം മൈതാനിയിലെത്തിച്ചേർന്നു.
തുടർന്ന് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഠാണാ വഴി നടയിലേക്ക് നടത്തിയ റോഡ് ഷോയിൽ നിരവധി പേർ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റോഡ് ഷോയിൽ വർണക്കാഴ്ചയും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എസ് അനിൽകുമാർ, ജനറൽ കൺവീനർ ആന്റോ പെരുമ്പുള്ളി എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. രാവിലെ മുരിയാട് പഞ്ചായത്തിലെ ഊരകത്തും, ടൗണിലെ വിവിധ പ്രദേശങ്ങളിലും തോമസ് ഉണ്ണിയാടൻ ഗൃഹ സന്ദർശനം നടത്തി.
പടിയൂർ , ആളൂർ പഞ്ചായത്തുകളിൽ പ്രൊഫ.ആർ. ബിന്ദു
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ.ആർ. ബിന്ദു പടിയൂർ, ആളൂർ, ഇരിങ്ങാലക്കുട നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. രാവിലെ മുൻ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് അനന്തശയനൻ മാസ്റ്ററുടെ വസതി സന്ദർശിച്ച് പര്യടനം ആരംഭിച്ചു. തുടർന്ന് പി.എസ് മജീദ് മാസ്റ്റർ , കല്ലേങ്കാട്ടിൽ മാധവൻ എന്നിവരുടെ വസതിയിലും സന്ദർശനം നടത്തി. പിന്നീട് ആളൂരിൽ ഉറവത്തുംകുന്ന് കോളനി , ഉഴുവത്തുംകുന്ന് കോളനി , തിരുത്തിപ്പറമ്പിൽ കുടുംബ യോഗത്തിലും പങ്കെടുത്തു . ഇരിങ്ങാലക്കുട നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും സന്ദർശിച്ചു. സന്ദർശനത്തിന് സ്ഥാനാർത്ഥിയോടൊപ്പം പി.എ രാമാനന്ദൻ, കെ.വി രാമകൃഷ്ണൻ, ദേവാനന്ദൻ, കെ.സി ബിജു, എം.എസ് മൊയ്തീൻ, യു.കെ പ്രഭാകരൻ, ബിന്നി തോട്ടാപ്പിള്ളി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.