ചാലക്കുടി: കലാശക്കൊട്ടിന് വിലക്കുള്ളതിനാൽ വീറും വാശിയുമില്ലാതെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ സമാപനം. എൻ.ഡി.എയും യു.ഡി.എഫും മാത്രമായിരുന്നു ഇന്നലെ റോഡ് ഷോ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസത്തെ യുവജന റാലിയോടെ എൽ.ഡി.എഫ് നഗരത്തിലെ പ്രചാരണങ്ങളിൽ നിന്നും പിൻവാങ്ങി.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച എൻ.ഡി.എയുടെ കെ.എ. ഉണ്ണിക്കൃഷ്ണന്റെ റോഡ് ഷോ ട്രങ്ക് റോഡിലൂടെ പടിഞ്ഞാറെ ചാലക്കുടി മേഖലയിലേക്ക് നീങ്ങി. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയും കൊടി തോരണങ്ങളും ബലൂണുകളും നിറച്ച നിരവധി വാഹനങ്ങളും എൻ.ഡി.എയുടെ നഗരക്കാഴ്ചയെ വർണാഭമാക്കി. ബി.ജെ.പി നിയോജക മണ്ഡലം സ്ഥാനാർത്ഥി സജീവ് പള്ളത്ത്, സജി കുറുപ്പ്, അനിൽ തോട്ടവീഥി അടക്കമുള്ള നേതാക്കളും തുറന്ന വാഹനത്തിൽ സഞ്ചരിച്ചു. നഗരസഭാ പരിധിയിലും പഞ്ചായത്തുകളിലും സ്ക്വാഡ് പ്രവർത്തനങ്ങളും നടന്നു.
ഭവനങ്ങളിൽ ഡെന്നിസ്
ചാലക്കുടി: പരസ്യപ്രചാരണത്തിന്റെ അവസാനദിനത്തിൽ മണ്ഡലത്തിലെ ഭവനങ്ങളും സ്ഥാപനങ്ങളും സന്ദർശിച്ചും പ്രവർത്തകരുടെ സ്ക്വാഡ് പ്രവർത്തനങ്ങളിൽ പങ്കുചേർന്നും എൽ.ഡി.എഫ് സ്ഥാനാർഥി ഡെന്നീസ് കെ. ആന്റണി. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി കുട്ടികളുടെ സ്ക്വാഡ് വീടുകളിലെത്തിയതും പ്രചാരണസമാപന ദിനത്തിലെ സവിശേഷതയായി. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ഇന്നലെ എൽ.ഡി.എഫ് സ്ക്വാഡ് പ്രവർത്തകർ വീടുകളിലെത്തി അവസാന ഘട്ട വോട്ടുറപ്പിച്ചു.
റോഡ് ഷോയിൽ സനീഷ്
ചാലക്കുടി: യു.ഡി.എഫ് സ്ഥാനാർത്ഥി സനീഷ്കുമാർ ജോസഫിന്റെ സക്വാഡ് പ്രവർത്തനങ്ങളും ഇന്നലെ സജീവമായി. അഭ്യർത്ഥനകളും നോട്ടീസുകളുമായി പ്രവർത്തകർ വീടുകൾ കയറിയിറങ്ങി. വൈകീട്ട് നടന്ന റോഡ് ഷോയും ശ്രദ്ധേയമായി.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും തുടങ്ങിയ റാലിയിൽ സ്ത്രീകളടക്കം നിരവധി പ്രർത്തകർ അണിനിരന്നു.
മേളം, വർണ്ണ ബലൂണുകൾ എന്നിവ റോഡ് ഷോയ്ക്ക് അലങ്കാരമായി. നഗരം ചുറ്റി നടന്ന പ്രചാരണം ഒരു മണിക്കൂർ നീണ്ടു നിന്നു. സ്ഥാനാർത്ഥി സനീഷ്കുമാർ ജോസഫ്, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ് എന്നിവർ നേതൃത്വം നൽകി.