election

തൃശൂർ: തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി, പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് പുറപ്പെട്ടു. വൈകിട്ട് ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ തയാറാക്കി പരിശോധന നടത്തും. നാളെ രാവിലെ പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ ആണ് ക്രമീകരണം നടത്തുക.

3858 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 26,12,032 വോട്ടർമാർ ആണ് ജില്ലയിൽ ഉള്ളത്.

രാവിലെ 7 മുതൽ

വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ്. വൈകീട്ട് ആറുമുതൽ ഏഴുവരെ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ അവസരം നൽകും. കൊവിഡ് മാർഗരേഖകൾ പൂർണമായും പാലിക്കും

253 പ്രശ്ന ബാധിത ബൂത്തുകൾ

സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന്റെ പരിധിയിൽ 138 പ്രശ്നബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും ഉണ്ട്. തൃശൂർ റൂറൽ പൊലീസ് പരിധിയിൽ 115 പ്രശ്ന ബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും 29 സംഘർഷസാദ്ധ്യതാ ബൂത്തുകളുമാണുള്ളത്.

അടിസ്ഥാന സൗകര്യം

കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ സ്റ്റേഷനുകളിലും ഉറപ്പു വരുത്തിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും അഞ്ച് എണ്ണം വീതം 65 മാതൃകാ സ്റ്റേഷനുകളും സജ്ജമാണ്. വരി നിൽക്കേണ്ടി വന്നാൽ ഊഴമെത്തുന്നതുവരെ വിശ്രമിക്കുന്നതിന് ടോക്കൺ സംവിധാനം, മുലയൂട്ടൽ മുറി, വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് മാതൃകാ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്.

കയ്പമംഗലം മണ്ഡലത്തിൽ 5 എണ്ണവും മറ്റ്‌ 12 മണ്ഡലങ്ങളിൽ ഓരോന്ന് വീതവും 17 വനിതാ സൗഹൃദ ബൂത്തുകളും സജ്ജമാണ്.

ഒരുക്കം ഇങ്ങനെ

പ്രധാന പോളിംഗ് സ്റ്റേഷനുകൾ: 2298 ഓക്സിലറി പോളിംഗ് സ്റ്റേഷനുകൾ: 1560 പ്രധാന സ്റ്റേഷനുകൾ നഗരത്തിൽ: 543. ഗ്രാമങ്ങളിൽ: 1755 . 2016ലെ തിരഞ്ഞെടുപ്പിൽ : 2027 സ്റ്റേഷനുകൾ. സ്ത്രീവോട്ടർമാർ: 13,60,101. പുരുഷൻമാർ: 12,51,885 . ട്രാന്‍സ്‌ജെന്റര്‍: 46 പ്രവാസികൾ: 4176 സർവീസ് വോട്ടർമാർ: 1746 പ്രശ്‌നബാധിത ബൂത്തുകൾ: 253 അതിസുരക്ഷാ ബൂത്തുകൾ: 28

സംഘർഷ സാദ്ധ്യത ബൂത്തുകൾ: 29

ബൂത്തുകളിൽ രണ്ട് വരി

പോളിംഗ് ബൂത്തുകളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാർക്കും എൺപതിന് മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക പരിഗണന നൽകും. ക്യൂവിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നിൽക്കേണ്ട സ്ഥലം മുൻകൂട്ടി മാർക്ക് ചെയ്യും.